തൊഴിലുറപ്പ് പദ്ധതിക്ക് എതിരായിരുന്ന നരേന്ദ്രമോദി കൊവിഡിന് ശേഷമാണ് നിലപാട് മാറ്റിയത്. എന്നാല്‍ സർക്കാരിന് പദ്ധതിക്ക് വേണ്ട പണമോ കൃത്യമായ തൊഴില്‍ ദിനമോ ഉറപ്പാക്കാനാകുന്നില്ലെന്ന് പ്രഭാത് പട്നായിക്.
ദില്ലി: രാജ്യം സുസ്ഥിര വളർച്ച കൈവരിക്കാൻ തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതല്‍ തുക വകയിരുത്തണമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധൻ പ്രഭാത് പട്നായിക് (Prabhat Patnaik). തൊഴിലുറപ്പ് പദ്ധതിക്ക് എതിരായിരുന്ന നരേന്ദ്രമോദി കൊവിഡിന് ശേഷമാണ് നിലപാട് മാറ്റിയത്. എന്നാല്‍ സർക്കാരിന് പദ്ധതിക്ക് വേണ്ട പണമോ കൃത്യമായ തൊഴില്‍ ദിനമോ ഉറപ്പാക്കാനാകുന്നില്ലെന്ന് പ്രഭാത് പട്നായിക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സമ്പദ് വ്യവസ്ഥ കരകയറുകയാണെന്ന വാദമുയര്‍ത്തിയാണ് സർക്കാർ തൊഴിലുറപ്പ് പദ്ധതിയുടെ ബജറ്റ് വെട്ടിക്കുറച്ചത്. സാമ്പത്തിക വര്‍ഷം അവസാനിക്കാൻ ഇനിയും മാസങ്ങള്‍ ബാക്കി നില്‍ക്കേ സംസ്ഥാനങ്ങള്‍ പ്രതിസന്ധിയിലായത് ചൂണ്ടിക്കാട്ടി പ്രഭാത് പട്നായിക് വിമർശിക്കുന്നു. കഴിഞ്ഞവർഷത്തെ പദ്ധതിവിഹിതം തന്നെ ഇത്തവണയും തൊഴിലുറപ്പ് പദ്ധതിക്ക് അനുവദിക്കണം. 1.11 ലക്ഷം കോടി രൂപയായിരുന്നു കഴിഞ്ഞ വർഷം വകയിരുത്തിയത്.
രാജ്യത്തിന് സുസ്ഥിര വളര്‍ച്ച നേടണമെങ്കില്‍ തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതല്‍ പണം അനുവദിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് വാങ്ങാനുള്ള ശേഷി കൂടിയാല്‍ മാത്രമേ കൃത്യമായ വളർച്ച കൈവരിക്കാനാകൂ. ജനങ്ങളുടെ വാങ്ങൽശേഷി കൂടിയാൽ മാത്രമേ ഉപഭോഗം വർദ്ധിക്കൂ. എങ്കിൽ മാത്രമേ ജിഡിപി സുസ്ഥിര വളർച്ച നേടൂവെന്നും തൊഴിൽ ഉണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. അതിന് ഏറ്റവും മികച്ചത് തൊഴിലുറപ്പുപദ്ധതി ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നൂറ് തൊഴില്‍ ദിനങ്ങള്‍ നല്‍കാനാകാത്ത സാഹചര്യത്തേയും പ്രഭാത് പട്നായിക് വിമർശിച്ചു. ഏഴ് ശതമാനം പേർക്ക് മാത്രമേ തൊഴിലുറപ്പ് പദ്ധതി പ്രകാരം 100 ദിനത്തിന് അടുത്ത് തൊഴിൽ ലഭിക്കുന്നുള്ളു. ഭൂരിഭാഗം പേർക്കും അത്രയും കിട്ടുന്നില്ല. കൊവിഡ് വ്യാപനത്തിന് ശേഷമുണ്ടായ സാനപ്തത്തിക പ്രതിസന്ധിയെ മറികടക്കാന്‍ തൊഴിലുറപ്പ് പദ്ധതി തന്നെ വേണമെന്ന് സർക്കാരിന് തിരിച്ചറിവുണ്ടായി. മോദി തൊഴിലുറപ്പ് പദ്ധതിക്ക് എതിരായിരുന്നു. കൊവിഡ് വ്യാപനത്തിൽ മുഖം രക്ഷിക്കാൻ പദ്ധതിക്ക് ആകുമെന്ന് സർക്കാർ തിരിച്ചറിഞ്ഞു. എന്നാലും ആവശ്യതിന് പ്രധാന്യം നൽകുന്നില്ല.
