ദില്ലി: ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഉപദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇപ്പോള്‍ തുടരുന്ന രീതികള്‍ പരിശോധിക്കാനും, സുസ്ഥിരമായ ക്രഡിറ്റ് വളര്‍ച്ചയുണ്ടാക്കണമെന്നുമാണ് മോദി പറയുന്നത്. രാജ്യത്തെ പ്രമുഖ പൊതു സ്വകാര്യ ബാങ്കുകളുടെയും, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെയും മേധാവികളുമായി നടത്തിയ കൂടികാഴ്ചയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

മൂന്ന് മണിക്കൂര്‍ നീണ്ട വെര്‍ച്വല്‍ കൂടികാഴ്ചയില്‍ രാജ്യത്തെ പ്രധാന ബാങ്കുകളുടെയും,  ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെയും മേധാവികള്‍ പങ്കെടുത്തു. ധനകാര്യ മേഖലയെ പിന്തുണയ്ക്കുന്ന എല്ലാ നടപടികളും സര്‍ക്കാര്‍ എടുക്കുമെന്ന് യോഗത്തില്‍ പ്രധാനമന്ത്രി ഉറപ്പുനല്‍കി. 

സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച വിശദമായ മാര്‍ഗ്ഗരേഖ ചര്‍ച്ച ചെയ്തു, സംരംഭങ്ങളെ പിന്തുണയ്ക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയായി യോഗത്തിന് ശേഷം പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

വാര്‍ത്ത ഏജന്‍സി പിടിഐയുടെ റിപ്പോര്‍ട്ട് പ്രകാരം, ഒരോ ബാങ്കും അവരുടെ ഇപ്പോഴത്തെ രീതികളും പ്രവര്‍ത്തനവും പരിശോധിക്കണം. ഇത് സുസ്ഥിരമായ ക്രഡിറ്റ് വളര്‍ച്ചയ്ക്ക് പ്രാപ്തമാണോ എന്ന് ഉറപ്പുവരുത്തണമെന്ന് യോഗത്തില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

സ്ഥിരം വഴിയിലുള്ള ആപേക്ഷകള്‍ എപ്പോഴും പരിഗണിക്കണം എന്നില്ല. ഒപ്പം പഴയ തിരിച്ചടക്കാത്ത ലോണുകളുടെ പാഠം ഉള്‍ക്കൊണ്ട് ഒരിക്കലും പ്രശ്നം ഉണ്ടാക്കാത്ത രീതിയില്‍ ഇത്തരം അപേക്ഷകള്‍ പരിഗണിക്കണം, പ്രധാനമന്ത്രി പറഞ്ഞു.

ബാങ്കുകള്‍ കൂടുതല്‍ ചെറുകിട സംരംഭങ്ങളെയും, സ്വയം സഹായ സംഘങ്ങളെയും, കര്‍ഷകരെയും പ്രോത്സാഹിപ്പിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഇത് പിന്നീട് ബാങ്കുകളുടെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്രഡിറ്റ് വളരാന്‍ ഉപകാരപ്പെടും.

ബാങ്കുകള്‍ അവരുടെ ഡിജിറ്റല്‍ സേവനങ്ങളും ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിപ്പിക്കേണ്ട ആവശ്യകതയും പ്രധാനമന്ത്രി സൂചിപ്പിച്ചു. റൂപ്പെ, യുപിഐ പോലുള്ള സംവിധാനങ്ങളുടെ ഉപയോഗം  ഉപയോക്താക്കള്‍ക്കിടയില്‍ വര്‍ദ്ധിപ്പിക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.