കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനം കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും എല്ലാ രംഗത്തും ഒരുപോലെ സഹായവുമായി എത്തുന്നവരാണ് പൊലീസുകാർ. മഴയെന്നും വെയിലെന്നുമില്ലാതെ സേവനരംഗത്ത് സദാസമയം ഇക്കൂട്ടർ മുന്നിൽ തന്നെയുണ്ട്. ജനങ്ങൾക്ക് ലഭിക്കുന്ന സുരക്ഷാസഹായങ്ങൾ മുൻനിർത്തി കേരള പൊലീസിന് പിന്തുണയുമായി എത്തുകയാണ് കേരളത്തിലെ പ്രമുഖ ഭക്ഷ്യോൽപ്പന്ന വിതരണ ബ്രാൻഡായ നിറപറ. മഴക്കാലമെത്തിയതോടെ കൊച്ചിയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് 500 മഴക്കോട്ടാണ് നിറപറ ഗ്രൂപ്പ് വിതരണം ചെയ്തത്. എറണാകുളം ടൗൺ നോർത്ത് പോലീസ് സ്‌റ്റേഷനിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറെ നിർവഹിച്ചു. തുടർന്ന് പൊലീസുകാർക്കുള്ള മഴക്കോട്ടുകൾ കമ്മീഷണർ വിതരണം ചെയ്തു. ചടങ്ങിൽ അഡീഷണൽ കമ്മിഷണർ കെ.പി. ഫിലിപ്പ്, ഡി.സി.പി ജി. പൂങ്കുഴലി, എ.സി.പി കെ. ലാൽജി, നോർത്ത് സി.ഐ സിബി ടോം, നിറപറ മാർക്കറ്റിംഗ് മാനേജർ എസ്. മുഹമ്മദ് റാഫി തുടങ്ങിയവർ പങ്കെടുത്തു.