ദില്ലി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്തൃ സംതൃപ്തി അറിയാൻ സർവേ നടത്തുന്നു. അടുത്തിടെ ലയിപ്പിച്ച പൊതുമേഖലാ ബാങ്കുകളുടെ ഉപഭോക്താക്കളുടെ ഇടയിലാണ് സർവേ. ലയനത്തോട് ഉപഭോക്താക്കളുടെ പ്രതികരണം അനുകൂലമാണോ പ്രതികൂലമാണോയെന്ന് അറിയാനുള്ള ചോദ്യങ്ങൾ ഇതിലുണ്ടാവും.

രാജ്യത്തെ 21 സംസ്ഥാനങ്ങളിലായി 20000 ഉപഭോക്താക്കൾക്കിടയിലാണ് സർവേ. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, ബിഹാർ, കർണാടക, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലടക്കമാണ് സർവേ. 22 ചോദ്യങ്ങൾ സർവേയിലുണ്ടായിരിക്കും.

ദേന ബാങ്കും വിജയ ബാങ്കും ബാങ്ക് ഓഫ് ബറോഡയിലാണ് ലയിച്ചത്. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിച്ചു. സിന്റിക്കേറ്റ് ബാങ്ക് പൂർണമായി കാനറ ബാങ്കായി. അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിലും ആന്ധ്ര ബാങ്കും കോർപറേഷൻ ബാങ്കും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലുമാണ് ലയിച്ചത്. ലക്ഷ്മി വിലാസ് ബാങ്ക് ഡിബിഎസ് ബാങ്കിലും ലയിച്ചു. സർവേ നടത്തുന്ന ഏജൻസിയോട് 2021 ജൂൺ 22 ന് മുൻപ് റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.