മുംബൈ: മുകേഷ് അംബാനിയുടെ റിലയൻസ് ഇന്റസ്ട്രീസ് ഇ-കൊമേഴ്സ് രംഗത്ത് കൂടുതൽ സജീവമായി പ്രവർത്തിക്കാൻ ഒരുങ്ങുന്നു. ഓൺലൈൻ ഫർണിച്ചർ വിൽപ്പനക്കാരായ അർബൻ ലാഡർ, പാൽ വിതരണ സംരംഭമായ മിൽക് ബാസ്കറ്റ് എന്നിവയെയാണ് ഏറ്റെടുക്കാൻ ഒരുങ്ങുന്നത്. ഇ-കൊമേഴ്സ് രംഗത്തേക്കുള്ള കടന്നുവരവിന്റെ ഭാഗമായാണ് ഏറ്റെടുക്കലെന്നാണ് വിവരം.

അർബൻ ലാഡറിന്റെ മേധാവികളുമായി മുകേഷ് അംബാനിയുടെ കമ്പനി വിശദമായ ചർച്ച നടത്തിക്കഴിഞ്ഞു. 30 ദശലക്ഷം ഡോളറിന് കമ്പനിയെ ഏറ്റെടുക്കാനാണ് ആലോചന നടക്കുന്നത്. അതേസമയം മിൽക് ബാസ്കറ്റിന്റേതടക്കം ഒരു കമ്പനിയും ഇതേക്കുറിച്ച് ഔദ്യോഗിക പ്രതികരണം ഇതുവരെ നടത്തിയിട്ടില്ല.

കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് രാജ്യത്ത് ഓൺലൈൻ വ്യാപാരം വർധിച്ചതാണ് അംബാനിയെ ഈ നീക്കത്തിന് പ്രേരിപ്പിച്ചതെന്നാണ് വിവരം. ജിയോ മാർട്ട് മെയ് മാസത്തിൽ പ്രവർത്തനം തുടങ്ങിയതോടെ ഇ-കൊമേഴ്സ് രംഗത്തേക്ക് അംബാനി ചുവടുവെച്ചു കഴിഞ്ഞു. ആമസോണിനും ഫ്ലിപ്കാർട്ടിനും കടുത്ത വെല്ലുവിളിയാണ് ഇതിലൂടെ നേരിടേണ്ടി വരിക.

കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ 20 ദശലക്ഷം  ഡോളറാണ് അംബാനിയുടെ റിലയൻസ് ഇന്റസ്ട്രീസ് സമാഹരിച്ചത്. ഫേസ്ബുക്കും ഗൂഗിളും അടക്കം റിലയൻസിൽ നിക്ഷേപം നടത്തി. മിൽക് ബാസ്കറ്റ് നേരത്തെ ആമസോണുമായും ബിഗ് ബാസ്കറ്റുമായും സംസാരിച്ചിരുന്നുവെങ്കിലും തുകയുടെ കാര്യത്തിൽ ഒത്തുതീർപ്പിലെത്താൻ സാധിച്ചില്ലെന്നാണ് റിപ്പോർട്ട്.