ദില്ലി: വൻകിട കമ്പനികൾ കുടിശിക വരുത്തിയ തുക കൈമാറാൻ രാജ്യത്തെ പാപ്പരത്ത കേസുകൾ കൈകാര്യം ചെയ്യുന്ന കോടതിയുടെ തീരുമാനമാണ് ബാങ്കുകൾക്ക് തുണയായത്. കിട്ടാക്കടം ഇനത്തിൽ എസ്ബിഐ, ഐഡിബിഐ, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകൾക്ക് 54,000 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

എസ്സാർ സ്റ്റീൽ ഇന്ത്യ ലിമിറ്റഡ്, പ്രയാഗ് രാജ് പവർ ജനറേഷൻ കമ്പനി, രുചി സോയ ഇൻഡസ്ട്രീസ് ലിമിറ്റഡ്, രത്തൻ ഇന്ത്യ പവർ ലിമിറ്റഡ് എന്നീ കമ്പനികളിൽ നിന്നായിരിക്കും പണം ഈടാക്കുക. എസ്സാർ സ്റ്റീലിൽ നിന്ന് 41,500 കോടിയും പ്രയാഗ് രാജിൽ നിന്ന് 5,400 കോടിയും രുചി സോയയിൽ നിന്ന് 4,350 കോടിയും രത്തൻ ഇന്ത്യയിൽ നിന്ന് 2700 കോടിയുമാണ് ബാങ്കുകൾ പ്രതീക്ഷിക്കുന്നത്. 

13,000 കോടി ഡോളറിന്റെ കിട്ടാക്കടം ലഭിക്കാനുള്ള ബാങ്കുകള്‍ക്ക് പ്രത്യേക കോടതിയുടെ തീരുമാനം താല്‍ക്കാലിക ആശ്വാസമാകും. ബാങ്കിങ് മേഖലയിലെ പ്രതിസന്ധിയ്ക്കും സാമ്പത്തിക തളര്‍ച്ചയ്ക്കും ഒരുപരിധിവരെ ഇത് പരിഹാരമാകുകയും ചെയ്യും.