Asianet News MalayalamAsianet News Malayalam

മലയാളി സ്റ്റാർട്ട്അപ്പുകളെ തേടി സാജൻ പിള്ള; 4500 കോടി രൂപ വരെ നിക്ഷേപിക്കും, കരുത്തായി ഒപ്പം റസൂൽ പൂക്കുട്ടി

ഡിജിറ്റൽ ഹെൽത്ത് കെയർ, ഫിൻടെക്, നിർമിത ബുദ്ധി, ഡേറ്റ സയൻസ് തുടങ്ങിയ മേഖലകളിലെ സ്റ്റാർട്ട്അപ്പുകളിലേക്കാണ് നിക്ഷേപത്തിന് ശ്രമിക്കുന്നതെന്ന് സാജൻ പിള്ള ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു

Sajan Pillai McLaren technology acquisition Inc and Rasool pookkutty to invest in Kerala based Startup
Author
Thiruvananthapuram, First Published Dec 1, 2021, 11:05 AM IST

തിരുവനന്തപുരം: ആഗോള സംരംഭകരുടെ നിരയിൽ തന്റേതായ ഇടംനേടിയ മലയാളി, സാജൻ പിള്ള (Sajan Pillai) കേരളത്തിൽ നിന്നുള്ള സ്റ്റാർട്ട്അപ്പ് സംരംഭങ്ങളിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങുന്നു. ഓസ്കാർ അവാർഡ് ജേതാവും (Oscar Winner) ലോകത്തെ അറിയപ്പെടുന്ന സൗണ്ട് എഞ്ചിനീയറുമായ റസൂൽ പൂക്കുട്ടിയെ (Rasool Pookkutty) ബ്രാന്റ് അംബാസഡറാക്കിയാണ് സാജൻ പിള്ള നിക്ഷേപം നടത്തുന്നത്. കേരളത്തിൽ നിന്ന് കൂടുതൽ ആഗോള കമ്പനികളെന്ന (Multinational Companies) വമ്പൻ ലക്ഷ്യമാണ് സാജൻ പിള്ളയുടെ ശ്രമത്തിന് പിന്നിൽ. അമേരിക്കയിൽ സാജൻ പിള്ള ആരംഭിച്ച മക്ലാറെൻ ടെക്‌നോളജി അക്വിസിഷൻ കോർപ്പറേഷൻ (McLaren Technology Acquisition Inc), സ്റ്റാർട്ടപ്പുകളിൽ 1500 കോടി രൂപ മുതൽ 4500 കോടി രൂപ വരെ നിക്ഷേപം നടത്തും.

ഡിജിറ്റൽ ഹെൽത്ത് കെയർ, ഫിൻടെക്, നിർമിത ബുദ്ധി (Aritificial Intelligence), ഡേറ്റ സയൻസ് തുടങ്ങിയ മേഖലകളിലെ സ്റ്റാർട്ട്അപ്പുകളിലേക്കാണ് നിക്ഷേപത്തിന് ശ്രമിക്കുന്നതെന്ന് സാജൻ പിള്ള ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. ഇതിന് പുറമെ കേരളത്തിലെ സ്റ്റാർട്ട് അപ്പ് വില്ലേജിൽ നിന്നുള്ള മികച്ച ആശയങ്ങൾ തിരഞ്ഞെടുത്ത് അവയ്ക്ക് സാജൻ പിള്ളയുടെ തന്നെ വെഞ്ച്വർ കാപിറ്റൽ കമ്പനികൾ വഴി നിക്ഷേപം ലഭ്യമാക്കും.

മക്‌ലാറെൻ ടെക്‌നോളജി അക്വിസിഷൻ കോർപ്പറേഷൻ അമേരിക്കയിലെ നാസ്‌ഡാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയാണ്. മക്‌ലാറെൻ കോർപറേഷന്റെ നിക്ഷേപം എത്തുന്നതോടെ മലയാളികളുടെ സ്റ്റാർട്ട്അപ്പ് സംരംഭങ്ങൾക്ക് അമേരിക്കൻ ഓഹരി വിപണിയിലേക്കുള്ള വാതിലുകൾ കൂടി തുറക്കപ്പെടുമെന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു. മികച്ച വളർച്ചാ സാധ്യതയുള്ള മലയാളി കമ്പനികളെ ആഗോള കമ്പനികളാക്കുകയെന്ന വലിയ പദ്ധതിയാണ് ഇതിന് പിന്നിലുള്ളത്. 20 കോടി ഡോളർ (1500 കോടി രൂപ) മുതൽ 60 കോടി ഡോളർ (4500 കോടി രൂപ) വരെയാണ് നിക്ഷേപമെത്തുക. 'ഇതിലൂടെ ലോക്കലൈസ് ആയിരിക്കുന്ന നല്ല മലയാളി കമ്പനികൾക്ക് ഒറ്റ ക്ലിക്കിൽ ആഗോള കമ്പനിയായി മാറ്റമുണ്ടാകും,'- സാജൻ പിള്ള വ്യക്തമാക്കി.

ലോകത്തെ മുൻനിര ഐടി കമ്പനിയായ യുഎസ്‌ടി ഗ്ലോബലിൽ ദീർഘകാലം സിഇഒയായിരുന്നു സാജൻ. ഇപ്പോൾ കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗമാണ്. വെറും 20 ജീവനക്കാരുമായി തുടങ്ങിയ കമ്പനിയെ 25000 ജീവനക്കാരുള്ള വൻകിട കമ്പനിയായി വളർത്തിയതിൽ സാജൻ പിള്ളയുടെ നേതൃത്വം പ്രധാനപ്പെട്ടതായിരുന്നു. ഇന്ത്യക്ക് പുറമെ അമേരിക്ക, യുകെ, സ്പെയിൻ, മലേഷ്യ, ഫിലിപ്പൈൻസ്, സിങ്കപ്പൂർ, മെക്സിക്കോ, ഓസ്ട്രേലിയ, പോളണ്ട്, ഇസ്രയേൽ എന്നിവിടങ്ങളിലേക്കെല്ലാം യുഎസ്ടി ഗ്ലോബലിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിലും അദ്ദേഹം വിജയിച്ചു.

ലോകത്ത് സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്കൊപ്പം ചടുലമായി മുന്നേറിയതിന്റെ അനുഭവ പരിചയമാണ് സാജൻ പിള്ളയുടെ കരുത്ത്. ഇത് ഇന്ധനമാക്കിയാണ് കൂടുതൽ മലയാളി സ്റ്റാർട്ട്അപ്പുകളെ മുൻനിരയിലെത്തിക്കാനുള്ള പരിശ്രമങ്ങൾ. ഇതിനോടകം പല കമ്പനികളുമായും മക്‌ലാറെൻ ടെക്‌നോളജി അക്വിസിഷൻ കോർപ്പറേഷൻ ചർച്ചകൾ നടത്തിക്കഴിഞ്ഞു. ചില സുപ്രധാന ചുവടുകൾ കമ്പനിയുടെ ഭാഗത്ത് നിന്ന് അധികം വൈകാതെയുണ്ടാകുമെന്നും സാജൻ പിള്ള പറഞ്ഞു.

'കേരളത്തിൽ നിന്നുള്ള മികച്ച ആശയങ്ങളെല്ലാം ബെംഗളൂരു അടക്കമുള്ള പ്രധാന സിറ്റികളിലാണ് പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്. അത് മാറേണ്ടതുണ്ട്,' - എന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു. 'കേരളത്തിലെ ഓട്ടോറിക്ഷാ ഡ്രൈവർ പോലും ബിരുദധാരിയാണ്. ഇവിടെ വലിയ സാധ്യതകളുണ്ട്. അത് ഉപയോഗിക്കാനാവുന്ന വിധത്തിൽ ഇടപെടും. അമേരിക്കയുടെ ജിഡിപിയുടെ 80 ശതമാനം സർവീസ് സെക്ടറിൽ നിന്നാണ്. കേരളത്തിന്റെ ജിഡിപിയിൽ 60 ശതമാനം സർവീസ് സെക്ടറിൽ നിന്നാണ്. സേവന മേഖല കൂടുതൽ കരുത്ത് നേടുന്നത് നാടിന് വളരെയേറെ ഗുണം ചെയ്യും,'- അദ്ദേഹം പറഞ്ഞു.

സാജൻ പിള്ള സിഇഒയും മാനേജിങ് പാർട്‌ണറുമായ വെഞ്ച്വർ കാപിറ്റൽ കമ്പനി - സീസൺ ടു വെഞ്ച്വേർസ് - വഴി കേരളത്തിലെ വിദ്യാർത്ഥികൾക്കിടയിൽ നിന്നുള്ള മികച്ച ആശയങ്ങൾക്ക് നിക്ഷേപം നേടാനുള്ള വലിയ അവസരവും ഭാവിയിൽ ഉണ്ടാകും. 'മുഖ്യമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയിൽ അതും വിശദീകരിച്ചിരുന്നു. സ്റ്റാർട്ട് അപ് മിഷൻ വഴി യങ്സ്റ്റേർസിൽ നിന്നുള്ള ആശയങ്ങൾ സ്ക്രീൻ ചെയ്ത് അതിൽ നിന്ന് ഏറ്റവും മികച്ച മൂന്ന് ആശയങ്ങൾക്ക് നിക്ഷേപം നൽകാനാണ് തീരുമാനം,'- സാജൻ പിള്ള വിശദീകരിച്ചു. 

ഇവയ്ക്ക് പുറമെ സാജൻ പിള്ളയുടെ തന്നെ മറ്റൊരു ഇനീഷ്യേറ്റീവായ എസ്‌പി ലൈഫ് കെയർ ലിമിറ്റഡിന്റെ കേരളത്തിലെ പ്രവർത്തനം വികസിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അന്താരാഷ്ട്ര നിലവാരത്തിലെ ലൈഫ് കെയർ പരിശീലനം അടക്കം കേരളത്തിൽ ലഭ്യമാക്കുന്ന കാര്യം ചർച്ചയായെന്ന് സാജൻ പിള്ള അറിയിച്ചു.

Follow Us:
Download App:
  • android
  • ios