Asianet News MalayalamAsianet News Malayalam

SBI Bank Alert : എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്: സർവീസ് ചാർജുകളിൽ മാറ്റം, പുതിയ നിരക്ക്

എസിബിഐ ബാങ്ക് ശാഖകൾ വഴി നടത്തുന്ന ആയിരം രൂപ മുതൽ അഞ്ച് ലക്ഷം വരെയുള്ള ഇടപാടുകൾക്ക് നിലവിലെ ജിഎസ്‌ടിക്കൊപ്പം സേവന നിരക്കും ഈടാക്കുമെന്ന് ബാങ്ക് അറിയിച്ചു.

SBI Bank Account Holders ALERT! IMPS Limit Charges Changed
Author
Delhi, First Published Jan 6, 2022, 6:32 PM IST

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank Of India) ഐഎംപിഎസ് ഇടപാടുകളുടെ പരിധി വർദ്ധിപ്പിച്ചു. ഇത് പ്രകാരം എസ്ബിഐ(SBI) അക്കൗണ്ട് ഉടമകൾക്ക് രണ്ട് ലക്ഷം രൂപയ്ക്ക് പകരം അഞ്ച് ലക്ഷം രൂപ വരെ ഇടപാടുകൾ നടത്താമെന്ന് ബാങ്ക് അറിയിച്ചു. ഇന്റർനെറ്റ് ബാങ്കിംഗ് (Internet Banking), മൊബൈൽ ബാങ്കിംഗ്, യോനോ(Yono App) എന്നിവ വഴിയും ഡിജിറ്റലായി നടത്തുന്ന അഞ്ച് ലക്ഷം രൂപ വരെയുള്ള ഐഎംപിഎസ് ഇടപാടുകൾക്കും സർവീസ് ചാർജ് ഈടാക്കില്ലെന്ന് എസ്ബിഐ അടുത്തിടെ അറിയിച്ചിരുന്നു. ഡിജിറ്റൽ ബാങ്കിങ് രംഗത്ത് ഉപഭോക്താക്കളുടെ ഇടപെടൽ ശക്തിപ്പെടുത്താനാണ് ഇതെന്ന് ബാങ്ക് വ്യക്തമാക്കി.

എന്നിരുന്നാലും എസിബിഐ ബാങ്ക് ശാഖകൾ വഴി നടത്തുന്ന ആയിരം രൂപ മുതൽ അഞ്ച് ലക്ഷം വരെയുള്ള ഇടപാടുകൾക്ക് നിലവിലെ ജിഎസ്‌ടിക്കൊപ്പം സേവന നിരക്കും ഈടാക്കുമെന്ന് ബാങ്ക് അറിയിച്ചു. 200000 മുതൽ 500000 വരെയുള്ള ഇടപാടുകൾക്കായി ഒരു പുതിയ സർവീസ് ചാർജ് സ്ലാബ് ബാങ്ക് ഉൾപ്പെടുത്തി. ഇത് പ്രകാരമുള്ള സർവീസ് ചാർജ് 2022 ഫെബ്രുവരി ഒന്ന് മുതൽ 20 രൂപയും ജിഎസ്ടിയും ആയിരിക്കും. ഐഎംപിഎസ് സർവീസ് ചാർജ് എൻഇഎഫ്ടി, ആർടിജിഎസ് ഇടപാടുകൾക്ക് അനുസൃതമാണെന്നും ബാങ്ക് വ്യക്തമാക്കി. പുതിയ മാറ്റങ്ങൾ ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബാങ്ക് വിജ്ഞാപനത്തിൽ അറിയിച്ചു.

ഐഎംപിഎസ് / ആർടിജിഎസ് / എൻഇഎഫ്ടി സർവീസ് ചാർജ് - ഓഫ് ലൈൻ

1000 രൂപ വരെ - സർവീസ് ചാർജ് ഈടാക്കില്ല
10000 രൂപ വരെ - രണ്ട് രൂപ + ജിഎസ്‌ടി
100000 രൂപ വരെ - നാല് രൂപ + ജിഎസ്‌ടി
200000 രൂപ വരെ - 12 രൂപ + ജിഎസ്‌ടി
500000 രൂപ വരെ - 20 രൂപ + ജിഎസ്‌ടി

എസ്ബിഐ ഉപഭോക്താക്കളിൽ ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്ന 94.4 ലക്ഷം പേരും മൊബൈൽ ബാങ്കിംഗ് ഉപയോഗിക്കുന്ന 2.1 കോടി പേരുമുണ്ട്. ഇന്റഗ്രേറ്റഡ് ഡിജിറ്റൽ, ലൈഫ്‌സ്‌റ്റൈൽ പ്ലാറ്റ്‌ഫോമായ യോനോ എന്നിവ ഉപയോഗിക്കുന്ന 4.4 കോടി ഉപഭോക്താക്കളും എസ്ബിഐക്കുണ്ട്.

Follow Us:
Download App:
  • android
  • ios