ദില്ലി: അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, റിലയന്‍സ് ടെലികോം, റിലയന്‍സ് ഇന്‍ഫ്രാടെല്‍ എന്നിവയുടെ എല്ലാ അക്കൗണ്ടുകളും ഫ്രോഡ് കാറ്റഗറിയിലേക്ക് എസ്ബിഐ മാറ്റി. ദില്ലി ഹൈക്കോടതിയെ ബാങ്ക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കമ്പനികള്‍ക്കും അനില്‍ അംബാനിക്കും എതിരായ സിബിഐ അന്വേഷണത്തിന് സാധ്യത വര്‍ധിപ്പിക്കുന്നതാണ് ഈ നീക്കം.

ബാങ്കിന്റെ ഈ നീക്കത്തിന് അനുവാദം നല്‍കുന്ന, 2016 ഡിസംബറിലെ റിസര്‍വ് ബാങ്ക് ഉത്തരവ് ചോദ്യം ചെയ്ത് റിലയന്‍സ് കമ്യൂണിക്കേഷന്‍ മുന്‍ ഡയറക്ടര്‍ പുനിത് ഗാര്‍ഗ് കോടതിയെ സമീപിച്ചു. അക്കൗണ്ട് ഉടമകളുടെ ഭാഗം കേള്‍ക്കാതെ അക്കൗണ്ടുകള്‍ ഫ്രോഡ് കാറ്റഗറിയിലേക്ക് മാറ്റുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നാണ് ഗാര്‍ഗിന്റെ വാദം.

അനില്‍ അംബാനിയുടെ കമ്പനികളുടെ അക്കൗണ്ടുകളിലെ ഇടപാടുകളുമായി ബന്ധപ്പെട്ട്, ഓഡിറ്റ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയെന്നാണ് എസ്ബിഐയുടെ വാദം. ഒരു അക്കൗണ്ട് ഫ്രോഡ് കാറ്റഗറിയിലേക്ക് മാറ്റിയാല്‍ ഒരാഴ്ചക്കുള്ളില്‍ ഈ വിവരം റിസര്‍വ് ബാങ്കിനെ അറിയിക്കണം. ഫ്രോഡ് അക്കൗണ്ടുമായി ബന്ധപ്പെട്ട് ബാങ്കിന് ഒരു കോടിയിലേറെ രൂപ ലഭിക്കാനുണ്ടെങ്കില്‍ സിബിഐയില്‍ പരാതി നല്‍കണം. ഒരു കോടിയില്‍ കുറവാണെങ്കില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ചാല്‍ മതി. രണ്ടിലേതായാലും 30 ദിവസത്തിനുള്ളില്‍ പരാതി നല്‍കിയിരിക്കണം എന്നാണ് ചട്ടം.