തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന വായ്പ പലിശ നിരക്കുകള്‍ കുറച്ചു. അടിസ്ഥാന പലിശയായ എംസിഎല്‍ആറില്‍ 0.05 ശതമാനത്തിന്‍റെ കുറവാണ് സ്റ്റേറ്റ് ബാങ്ക് വരുത്തിയത്. ഇതോടെ എംസിഎല്‍ആര്‍ 8.45 ല്‍ നിന്ന് 8.40 ലേക്ക് കുറഞ്ഞു.

2019 ഏപ്രില്‍ മുതല്‍ എംസിഎല്‍ആറില്‍ സ്റ്റേറ്റ് ബാങ്ക് കുറവ് വരുത്തുന്നത് ഇത് മൂന്നാം തവണയാണ്. 2016 ഏപ്രില്‍ മുതല്‍ നല്‍കിവരുന്ന വായ്പകള്‍ക്ക് എംസിഎല്‍ആറിന്‍റെ (മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിംഗ് റേറ്റ്) അടിസ്ഥാനത്തിലാണ് പലിശ നിര്‍ണയിക്കുന്നത്. മൂന്ന് തവണയായി എസ്ബിഐ ഭവന വായ്പയുടെ പലിശ നിരക്കില്‍ ആകെ 0.20 ശതമാനത്തിന്‍റെ കുറവുണ്ടായി. 

നിലവില്‍ ഏതാനും വായ്പകള്‍ സ്റ്റേറ്റ് ബാങ്ക് റിസര്‍വ് ബാങ്കിന്‍റെ റിപ്പോ നിരക്കിനെ മാനദണ്ഡമാക്കിയാണ് നല്‍കി വരുന്നത്. പുതുക്കിയ പലിശ നിരക്കുകള്‍ ബുധനാഴ്ച മുതല്‍ നിലവില്‍ വരും. എംസിഎല്‍ആറില്‍ കുറവ് വരുത്തിയതിനെ തുടര്‍ന്ന് സ്റ്റേറ്റ് ബാങ്കിന്‍റെ ഭവന, വാഹന, ക്രെഡിറ്റ് കാര്‍ഡ്, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കില്‍ കുറവ് വരും. ഇതോടെ സ്റ്റേറ്റ് വായ്പ എടുക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായേക്കും.