പലിശ നിരക്ക് കുറച്ച് എസ്ബിഐ. വായ്പാ നിരക്ക് 25 ബേസിസ് പോയിന്റാണ് കുറച്ചത്. ഇത് നിലവിലുള്ളവർക്കും വായ്പക്കാർക്കും പുതിയ വായ്പക്കാർക്കും ഒരുപോലെ ഗുണം ചെയ്യും
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പകളുടെ പലിശ നിരക്ക് കുറച്ചു. വായ്പാ നിരക്ക് 25 ബേസിസ് പോയിന്റാണ് കുറച്ചത്. ഇത് നിലവിലുള്ളവർക്കും വായ്പക്കാർക്കും പുതിയ വായ്പക്കാർക്കും ഗുണം ചെയ്യും. നിരക്കിൽ കുറവ് വരുത്തിയതോടെ, എസ്‌ബിഐയുടെ എക്‌സ്‌റ്റേണൽ ബെഞ്ച്മാർക്ക് ലിങ്ക്ഡ് നിരക്ക് (ഇബിഎൽആർ) 25 ബേസിസ് പോയിന്റ് കുറഞ്ഞ് 7.90 ശതമാനമായി. പുതുക്കിയ നിരക്കുകൾ 2025 ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ വരുമെന്ന് എസ്‌ബിഐ വെബ്സൈറ്റിൽ പറയുന്നു
ഈ വർഷം നാലാം തവണയും ആർബിഐ പലിശ നിരക്ക് 25 ബേസിസ് പോയിന്റ്കുറയ്ക്കാനുള്ള തീരുമാനം കഴിഞ്ഞ ആഴ്ച എടുത്തതോടുകൂടിയാണ് എസ്ബിഐ പലിശ നിരക്ക് കുറച്ചത്. എല്ലാ കാലയളവുകളിലുമുള്ള മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ലെൻഡിംഗ് റേറ്റ് (എംസിഎൽ ആർ) 5 ബേസിസ് പോയിന്റാണ് ബാങ്ക് കുറച്ചിരിക്കുന്നത്. ഒരു വർഷത്ത കാലാവധിയുള്ള എംസിഎൽആർ നിലവിലുള്ള 8.75 ശതമാനത്തിൽ നിന്ന് 8.70 ശതമാനമായി കുറയും. ബിപിഎൽആർ അല്ലെങ്കിൽ അടിസ്ഥാന നിരക്ക് നിലവിലുള്ള 10 ശതമാനത്തിൽ നിന്ന് 9.90 ശതമാനമായി കുറച്ചു.
നിക്ഷേപകർക്ക് തിരിച്ചടി
കൂടാതെ, 2 വർഷം മുതൽ 3 വർഷത്തിൽ താഴെ വരെയുള്ള സ്ഥിര നിക്ഷേപ നിരക്ക് 5 ബേസിസ് പോയിന്റുകൾ കുറച്ച് 6.40 ശതമാനമാക്കാനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, എസ്ബിഐയുടെ, 444 ദിവസ കാലാവധിയുള്ള അമൃത വൃഷ്ടി പദ്ധതിയുടെ പലിശ നിരക്ക് ഡിസംബർ 15 മുതൽ നിലവിലുള്ള 6.60 ശതമാനത്തിൽ നിന്ന് 6.45 ശതമാനമായി കുറച്ചിട്ടുണ്ട്. ഇത് നിക്ഷേപകർക്ക് വലിയ തിരിച്ചടിയാകും.


