ചരിത്രത്തിലാദ്യമായി 60000 എന്ന വൻ നാഴികക്കല്ല് പിന്നിട്ട് സെൻസെക്സ്. ഇന്ന് വ്യാപാരം ആരംഭിച്ച ഉടനാണ് 325 പോയിന്റ് ഉയർന്ന് സെൻസെക്സ് വൻ നേട്ടത്തിലെത്തിയത്

മുംബൈ: ചരിത്രത്തിലാദ്യമായി 60000 എന്ന വൻ നാഴികക്കല്ല് പിന്നിട്ട് സെൻസെക്സ്. ഇന്ന് വ്യാപാരം ആരംഭിച്ച ഉടനാണ് 325 പോയിന്റ് ഉയർന്ന് സെൻസെക്സ് വൻ നേട്ടത്തിലെത്തിയത്. നിഫ്റ്റി 93 പോയിന്റുയർന്ന് 17900 പിന്നിട്ടു. ആഗോള വിപണികളിലെ നേട്ടം ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചതാണ് നേട്ടത്തിന് കാരണം. 

പലിശ നിരക്കുയർത്തൽ, സാമ്പത്തിക ഉത്തജന പാക്കേജ് എന്നിവയിൽ അമേരിക്കൻ ഫെഡറൽ റിസർവ് സ്വീകരിച്ച നിലപാടുകളാണ് ഇന്നത്തെ കുതിപ്പിന് കാരണം. അമേരിക്കൻ വിപണി കൊവിഡിനെ തുടർന്നുള്ള പ്രതിസന്ധികൾ മറികടന്ന് മുന്നേറ്റത്തിന്റെ പാതയിലാണെന്ന സൂചന വെളിപ്പെട്ടതോടെയാണ് നിക്ഷേപകരുടെ സജീവമായ ഇടപെടൽ ഉണ്ടായത്.

മൂന്നാഴ്ച കൊണ്ട് സെന്‍സെക്സ് രണ്ടായിരം പോയിന്‍റിന്റെ നേട്ടമാണ് കൈവരിച്ചത്. ഏഷ്യൻ പെയിന്റ്‌സ്, ഐഷർ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്‌സിഎൽ ടെക്‌നോളജീസ്, എച്ച്ഡിഎഫ്‌സി ബാങ്ക് ടാറ്റാ മോട്ടോർസ്, എൽ ആന്റ് ടി, ഒഎൻജിസി, വിപ്രോ, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. 

ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, എസ്ബിഐ, ഡിവീസ് ലാബ്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾക്ക് നഷ്ടം നേരിടുകയുംചെയ്തു. എവർഗ്രന്റെ ഭീഷണി ചൈനയുടെ നേട്ടത്തെ പിടിച്ചുനിർത്തിയിരിക്കുകയാണ്. അതേസമയം ജപ്പാനും ദക്ഷിണ കൊറിയയുമെല്ലാം നേട്ടമുണ്ടാക്കി.