ഷവോമി ടെക്നോളജി ഇന്ത്യക്കെതിരെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) അന്വേഷണത്തിന് ശുപാർശ. ബിസിനസ് രീതികളിലെയും വിദേശ നിക്ഷേപ നിയമങ്ങളിലെയും ക്രമക്കേടുകൾ ആരോപിച്ചാണ് ഈ നീക്കം. ഇതോടെ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടികൾക്ക് പുറമെ ഷവോമി ഇന്ത്യയിൽ കൂടുതൽ നിയമപരമായ വെല്ലുവിളികൾ നേരിടുകയാണ്.
സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമി ടെക്നോളജി ഇന്ത്യ (Xiaomi Technology India)ക്കും അനുബന്ധ സ്ഥാപനങ്ങൾക്കുമെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO). ബിസിനസ് രീതികളിലും വിദേശ നിക്ഷേപ നിയമങ്ങൾ പാലിച്ചതിലും ക്രമക്കേടുകൾ ആരോപിച്ചാണ് വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്തിരിക്കുന്നത്. വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ മെയ് മാസത്തിൽ തയ്യാറാക്കിയ ശുപാർശ നിലവിൽ കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും റിപ്പോർട്ട്.
2020-ലെ അതിർത്തി തർക്കങ്ങൾക്ക് ശേഷം ചൈനീസ് നിക്ഷേപങ്ങൾക്കായി ഇന്ത്യ കർശനമാക്കിയ നിയമങ്ങൾ പാലിച്ചിട്ടുണ്ടോ, ഫണ്ടുകളുടെ കൈമാറ്റം, ആവശ്യമായ മുൻകൂർ അനുമതികൾ നേടിയിട്ടുണ്ടോ എന്നിവ പരിശോധിക്കാനാണ് നിർദേശം. വിദേശ നിക്ഷേപകരുടെയും ഗ്രൂപ്പ് സ്ഥാപനങ്ങളുടെയും യഥാർത്ഥ ഉടമസ്ഥാവകാശവും (Beneficial Ownership) നിയന്ത്രണാവകാശങ്ങളും കൃത്യമായി വെളിപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതാണ് അന്വേഷണത്തിൽ ഏറ്റവും പ്രധാനം. സർക്കാർ ഈ നിർദേശം പരിശോധിച്ചു വരികയാണെന്നും വൃത്തങ്ങൾ വ്യക്തമാക്കി.
വാണിജ്യ മന്ത്രാലയത്തിന് ലഭിച്ച പരാതികളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ശുപാർശ തയ്യാറാക്കിയിരിക്കുന്നത്. സാമ്പത്തിക പ്രസ്താവനകളും ഓഡിറ്റർ റിപ്പോർട്ടുകളും പരിശോധിക്കുക, നിലവിലെയും മുൻകാലങ്ങളിലെയും ഡയറക്ടർമാർ, സി.എഫ്.ഒമാർ, കോംപ്ലയൻസ് ഓഫീസർമാർ എന്നിവരുടെ മൊഴിയെടുക്കുക തുടങ്ങിയ 21 ഇന അന്വേഷണത്തിനാണ് സാധ്യത തേടിയിരിക്കുന്നത്. കൂടാതെ, ഷവോമിയുടെ ഓൺലൈൻ വിൽപ്പന കരാറുകളും പരിശോധിക്കും. ചില പ്രത്യേക ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമുകളിലൂടെ മാത്രം ഉൽപ്പന്നങ്ങൾ വിറ്റഴിച്ചതും, ഇന്ത്യൻ വിൽപ്പനക്കാരുടെ മേൽ കമ്പനി പരോക്ഷമായി നിയന്ത്രണം (de facto control) ചെലുത്തിയിട്ടുണ്ടോ എന്നതും അന്വേഷണപരിധിയിൽ വരും.
കോർപ്പറേറ്റ് തട്ടിപ്പുകൾ അന്വേഷിക്കുന്നതിനും കുറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യാനും വിചാരണ ചെയ്യാനും അധികാരമുള്ള കേന്ദ്ര ഏജൻസിയാണ് എസ്.എഫ്.ഐ.ഒ. അതേസമയം, എസ്.എഫ്.ഐ.ഒയിൽ നിന്ന് യാതൊരുവിധ നോട്ടീസോ അറിയിപ്പോ ലഭിച്ചിട്ടില്ലെന്ന് ഷവോമി വക്താവ് വ്യക്തമാക്കി. രാജ്യത്തെ നിയമങ്ങൾ പൂർണമായി പാലിച്ചാണ് കമ്പനി പ്രവർത്തിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
അന്വേഷണം ആരംഭിക്കുന്ന പക്ഷം ഇന്ത്യയിൽ ഷവോമി നേരിടുന്ന തിരിച്ചടികൾക്ക് ആക്കം കൂടും. നിയമവിരുദ്ധമായി പണം അയച്ചെന്നാരോപിച്ച് 2022-ൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) മരവിപ്പിച്ച 584 മില്യൺ ഡോളറിന്റെ (ഏകദേശം 5,551 കോടി രൂപ) ബാങ്ക് ആസ്തികൾ തിരികെ നേടാൻ കമ്പനിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇതുകൂടാതെ നികുതി ആവശ്യങ്ങളും റോയൽറ്റി തർക്കങ്ങളും കമ്പനി നേരിടുന്നുണ്ട്.
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഷവോമിയുടെ നേരത്തെയുള്ള വിഹിതമായ 19 ശതമാനത്തിൽ നിന്ന് 13 ശതമാനമായി കുറഞ്ഞ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്ന് കൗണ്ടർപോയിന്റ് റിസർച്ച് കണക്കുകൾ പറയുന്നു. 2025-ൽ കമ്പനിയുടെ ഇന്ത്യയിലെ വരുമാനം 2.52 ബില്യൺ ഡോളറാണ്. ഇത് മൂന്ന് വർഷം മുമ്പത്തേക്കാൾ 40% കുറവാണ്.

