ദില്ലി: കൊവിഡ് ലോക്ക്ഡൗൺ കാലത്ത് റെയിൽവേ ശ്രമിക് ട്രെയിനിന് വേണ്ടി ചെലവാക്കിയത് 2142 കോടി. തിരികെ കിട്ടിയ വരുമാനം 429 കോടി.

പിടിഐയുടെ കണക്ക് പ്രകാരം ഏറ്റവും കൂടുതൽ പണം നൽകിയത് ഗുജറാത്ത് സർക്കാരാണ്, 102 കോടി. 15 ലക്ഷം തൊഴിലാളികളെയാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് 1027 ട്രെയിനുകളിൽ വീടുകളിലെത്തിച്ചത്.

മഹാരാഷ്ട്ര 85 കോടിയാണ് നൽകിയത്. 12 ലക്ഷം തൊഴിലാളികളെ 844 ട്രെയിനുകളിൽ സംസ്ഥാനത്തേക്ക് തിരിച്ചെത്തിച്ചു. തമിഴ്‌നാട് 34 കോടി നൽകി. 271 ട്രെയിനുകളിൽ നാല് ലക്ഷം തൊഴിലാളികളെയാണ് സംസ്ഥാനത്ത് തിരിച്ചെത്തിച്ചത്.

ഏറ്റവും കൂടുതൽ അതിഥി തൊഴിലാളികളുടെ മാതൃ സംസ്ഥാനം എന്ന് വിലയിരുത്തപ്പെടുന്ന ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾ യഥാക്രമം 21 കോടി, എട്ട് കോടി, 64 ലക്ഷം എന്നിങ്ങനെയാണ് ശ്രമിക് ട്രെയിനുകളുടെ ചെലവായി റെയിൽവേക്ക് നൽകിയത്.

ലോക്ക്ഡൗൺ തുടങ്ങിയ ശേഷം ജൂൺ 29 വരെ 4615 ശ്രമിക് ട്രെയിനുകൾ സർവീസ് നടത്തി. ആകെ 63 ലക്ഷം തൊഴിലാളികളെ തങ്ങളുടെ മാതൃ സംസ്ഥാനത്തേക്ക് തിരിച്ചെത്തിച്ചു. ഒരു യാത്രക്കാരന് 3400 രൂപയാണ് റെയിൽവെക്ക് ഉണ്ടായ ശരാശരി ചെലവ്.