തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക പാക്കേജ് അപര്യാപ്തമെന്ന ആക്ഷേപവുമായി സംസ്ഥാനത്തെ ചെറുകിട വ്യവസായികള്‍. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടിരൂപയുടെ പാക്കേജിലെ ആദ്യ പരിഗണന ചെറുകിട വ്യവസായ മേഖലയ്ക്ക് നല്‍കിയെങ്കിലും വ്യവസായികള്‍ തൃപ്തരല്ല. ഇപിഎഫ് വിഹിതം അടയ്ക്കുന്നതടക്കമുളള കാര്യങ്ങളില്‍ വ്യവസ്ഥകള്‍ കേരളത്തിന് അനുകൂലമല്ലെന്നാണ് പ്രധാന വിമർശനം. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 3400 കോടിയുടെ പാക്കേജിലും വ്യക്തതയില്ലെന്ന് ചെറുകിട വ്യവസായികള്‍ പറയുന്നു.

ഈടില്ലാതെ വായ്പ അനുവദിക്കുമെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍റെ പ്രധാന പ്രഖ്യാപനങ്ങളിൽ ഒന്ന്. ക്രെഡിറ്റ് ഗ്യാരന്‍റി ട്രസ്റ്റ് ഫണ്ട് സ്കീം പ്രകാരം വ്യവസായികള്‍ക്ക് ഈടില്ലാതെ വായ്പയ്ക്കുളള പദ്ധതി ഇപ്പോള്‍ തന്നെയുണ്ടെന്ന് വ്യവസായികൾ ചൂണ്ടിക്കാട്ടുന്നു. ഇത് ഫലപ്രദമായി നടപ്പാക്കാനാണ് കേന്ദ്രത്തിന്‍റെ ഇടപെടല്‍ വേണ്ടത്. വായ്പ തിരിച്ചടവിന് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും പലിശയിളവോ സബ്സിഡിയോ ഇല്ലെന്നും ആക്ഷേപമുണ്ട്. 

ഇപിഎഫ് വിഹിതം മൂന്നു മാസത്തേക്ക് കൂടി കേന്ദ്ര സര്‍ക്കാര്‍ അടയ്ക്കുമെന്നാണ് പ്രഖ്യാപനം. എന്നാല്‍ വ്യവസ്ഥകള്‍ കഠിനമാണ്. കാരണം നൂറു തൊഴിലാളികള്‍ ഉളളതും ഇതില്‍ തന്നെ 15000രൂപയില്‍ താഴെ ശന്പളം പറ്റുന്നതുമായ സ്ഥാപനങ്ങള്‍ക്ക് ആണ് ഈ ആനുകൂല്യം ലഭിക്കുക. ചുരുക്കത്തില്‍ കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ച സാന്പത്തിക ബാധ്യതയില്‍ കേന്ദ്ര പാക്കേജ് കൊണ്ട് കാര്യമായ മാറ്റം വരുന്നില്ലെന്നാണ് ചെറുകിട വ്യവസായികളുടെ പ്രാഥമിക വിലയിരുത്തല്‍. 

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിലും ചെറുകിട വ്യവസായികള്‍ക്ക് എത്രത്തോളം നേട്ടം കിട്ടുമെന്ന് വ്യക്തമാക്കിയിട്ടില്ല. വ്യവസായ ശാലകള്‍ അടച്ചിട്ട രണ്ടു മാസക്കാലത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ് ഒഴിവാക്കുക, ഒരു വര്‍ഷത്തേക്ക് എല്ലാ ഇന്‍സ്പെക്ഷനുകളും റവന്യൂ റിക്കവറി നടപടികളും നിര്‍ത്തിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ സംസ്ഥാന സര്‍ക്കാരിനു മുന്നില്‍ വയ്ക്കുന്നു. മൊറട്ടോറിയം കാലത്തെ പലിശ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു