മുംബൈ: വായ്പാ ബാധ്യതകള്‍ തിരിച്ചടയ്ക്കാന്‍ സീ എന്‍റര്‍ടെയ്മെന്‍റ് എന്‍റര്‍പ്രൈസസ് ലിമിറ്റഡിലെ (സീല്‍) ഓഹരികള്‍ വില്‍ക്കുന്നു. മാധ്യമഭീമനായ സുഭാഷ് ചന്ദ്രയുടെ എസ്സെല്‍ ഗ്രൂപ്പിന് സീലില്‍ ഉള്ള ഓഹരിയാണ് വില്‍ക്കുന്നത്. 16.5 ശതമാനം ഓഹരികള്‍ കൂടി വില്‍ക്കാനാണ് തീരുമാനം. ഒഎഫ്‌ഐ ഗ്ലോബല്‍ ചൈന ഫണ്ടിനും എല്‍എല്‍സിയ്ക്കും വില്‍ക്കാമെന്നേറ്റ 2.3 ശതമാനം ഓഹരിയും ഇതില്‍പ്പെടും. ഇതോടെ സീയില്‍ സുഭാഷ് ചന്ദ്രയ്ക്കുള്ള നിയന്ത്രണം പൂര്‍ണ്ണമായും നഷ്ടമാകും എന്നാണ് സാമ്പത്തിക രംഗത്തെ വിലയിരുത്തല്‍.

ജൂലൈയിലാണ് 11 ശതമാനം ഓഹരികള്‍ ഇന്‍വെസ്‌കൊ ഓപ്പന്‍ഹെയ്മര്‍ ഡെവലപ്പിങ് മാര്‍ക്കറ്റ്‌സ് ഫണ്ടിന് 4,224 കോടി രൂപയ്ക്ക് വില്‍ക്കുമെന്ന് അറിയിച്ചത്. ഇതില്‍ 8.7 ശതമാനം ഓഹരികള്‍ ഒഎഫ്‌ഐ ഗ്ലോബല്‍ ചൈനാ ഫണ്ടിനും വിറ്റു. ബാക്കിയുള്ള 2.3 ശതമാനം ഓഹരിയും ഉടന്‍ വിറ്റഴിക്കും. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് വഴിയും അല്ലാതെയും 14.2 ശതമാനം ഓഹരികള്‍ കൂടി വില്‍ക്കും. ഒരാഴ്ചയ്ക്കുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാവുമെന്നാണ്പ്രതീക്ഷയെന്നും അധികൃതര്‍ പറഞ്ഞു.

ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്‍റെ കണക്കുകള്‍ പ്രകാരം, 2019 സെപ്റ്റംബര്‍ വരെ, എസ്സെല്‍ ഗ്രൂപ്പിന് സീലില്‍ 22.37 ശതമാനം ഓഹരിയാണുണ്ടായിരുന്നത്. ഇതില്‍ 96 ശതമാനവും കടപ്പെടുത്തിയിരുന്നു. ഓഹരിവില്‍പ്പനയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഓപ്പണ്‍ഹെയ്മര്‍ ഡെവലപ്പിങ് മാര്‍ക്കറ്റ്‌സ് ഫണ്ടും ഒഎഫ്ഐ ഗ്ലോബല്‍ ചൈനയും സീലിന്റെ 18.74 ശതമാനം ഓഹരികള്‍ കൈവശപ്പെടുത്തും.

വായ്പനല്‍കിയവരുടെ പക്കല്‍നിന്നും സീലിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ പണയംവെച്ച ഓഹരികള്‍ വില്‍ക്കാനാണ് ലോണ്‍ നല്‍കിയവര്‍ ശ്രമിച്ചത്. സീലിലെ ചന്ദ്രയുടെ ഓഹരി വില്‍ക്കുന്നതിന് പ്രക്രിയകള്‍ തുടങ്ങിയ രണ്ടാമത്തെ കടം കൊടുക്കുന്നവരാണിത്. റഷ്യന്‍ ധനകാര്യ സ്ഥാപനമായ വിടിബി ക്യാപിറ്റലും മാധ്യമ കമ്പനിയിലെ 10.71 ശതമാനം ഓഹരി വില്‍ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയിരുന്നു. 

എസ്സെല്‍ ഗ്രൂപ്പിന്റെ പ്രമോട്ടര്‍മാര്‍ക്ക് ഏകദേശം 11,000 കോടി ഡോളര്‍ കടമുണ്ട്. ഗതാഗത-ഊര്‍ജ്ജമേഖലകളിലായി 11,400 കോടി ഡോളറിന്‍റെ അധിക കടവുമുണ്ട്.