Asianet News MalayalamAsianet News Malayalam

പിഴപ്പലിശ ഒഴിവാക്കി ഉത്തരവിറക്കാൻ താമസമെന്ത്? മോറട്ടോറിയം കേസിൽ സുപ്രീം കോടതിയുടെ ചോദ്യം

മോറട്ടോറിയം കാലത്തെ രണ്ട് കോടി രൂപ വരെയുള്ള ബാങ്കുവായ്പകളുടെ പിഴപ്പലിശ ഒഴിവാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച സുപ്രീംകോടതിയെ അറിയിച്ചിരുന്നു

Supreme court of India Moratorium case Central Government
Author
Supreme Court of India, First Published Oct 14, 2020, 4:47 PM IST

ദില്ലി: കൊവിഡിനെ തുടർന്ന് വായ്പകൾക്ക് ഏർപ്പെടുത്തിയ മൊറട്ടോറിയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി കടുത്ത നിലപാടെടുത്തു. നവംബർ രണ്ടിനുള്ളിൽ പിഴപ്പലിശ ഒഴിവാക്കാനുള്ള ഉത്തരവിറക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഈ വർഷത്തെ സാധാരണക്കാരന്റെ ദീപാവലി സർക്കാരിന്റെ കയ്യിലാണെന്നും കോടതി പറഞ്ഞു. രണ്ട് കോടി വരെയുള്ള വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കുമെന്ന് കേന്ദ്രം അറിയിച്ചു. തീരുമാനം നടപ്പാക്കാൻ എന്താണ് താമസമെന്നായിരുന്നു കോടതിയുടെ മറുചോദ്യം. 

മോറട്ടോറിയം കാലത്തെ രണ്ട് കോടി രൂപ വരെയുള്ള ബാങ്കുവായ്പകളുടെ പിഴപ്പലിശ ഒഴിവാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കേന്ദ്ര നിലപാട് തൃപ്തികരമല്ലെന്നായിരുന്നു അന്ന് സുപ്രീംകോടതിയുടെ മറുപടി. മോറട്ടോറിയം കാലത്തെ ബാങ്ക് വായ്പകൾക്ക് പിഴപ്പലിശ ഒഴിവാക്കുന്നതിൽ കൂടുതൽ ഇളവുകൾ നൽകാനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. സാമ്പത്തിക നയങ്ങളിൽ കോടതി ഇടപെടരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടു. മോറട്ടോറിയം കാലത്ത് വായ്പകൾക്ക് പലിശയും പിഴപ്പലിശയും എങ്ങനെ ഈടാക്കുമെന്ന സുപ്രീംകോടതിയുടെ ചോദ്യത്തിനായിരുന്നു കേന്ദ്രത്തിന്റെ ഈ മറുപടി.

പിഴപ്പലിശ ഒഴിവാക്കുന്നതിന് അപ്പുറത്ത് കൂടുതൽ ഇളവുകൾ നൽകാനാകില്ല, സര്‍ക്കാരിന്‍റെ സാമ്പത്തിക നയത്തിൽ  കോടതി ഇടപെടരുത്, മേഖലകൾ തിരിച്ച് ഇളവുകൾ നൽകണമെന്ന് കോടതിക്ക് ആവശ്യപ്പെടാനാകില്ല, പലിശ മുഴുവൻ ഒഴിവാക്കിയാൽ അത് സമ്പദ്ഘടനയെ ബാധിക്കും ബാങ്കുകൾ പ്രതിസന്ധിയിലാകും തുടങ്ങിയ വാദങ്ങളാണ് സത്യവാങ്മൂലത്തിൽ കേന്ദ്രം നിരത്തിയത്. മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കെ ബാങ്കുകൾ വായ്പകൾക്ക് പലിശയും പിഴപ്പലിശയും ഈടാക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജികളിൽ ഉചിതമായ തീരുമാനമെടുക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. പിഴപ്പലിശയിൽ കൂടുതൽ ഇളവുകൾ നൽകില്ലെന്ന നിലപാടിൽ കേന്ദ്രം ഉറച്ചുനിൽക്കുമ്പോൾ ഇനി സുപ്രീംകോടതി തീരുമാനം തന്നെയാകും നിര്‍ണായകം.
 

Follow Us:
Download App:
  • android
  • ios