ഹോങ്കോം​ഗ്: ചൈനയിലെ കോറോണ വൈറസ് ഭീതിയെ തുടർന്ന്  ഹോങ്കോം​ഗിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ അടുത്ത രണ്ട് മാസത്തിനുള്ളിൽ സൂറത്തിലെ വജ്രവ്യവസായം നേരിടാൻ പോകുന്നത് 8000 കോടിയുടെ നഷ്ടമായിരിക്കുമെന്ന് വിദ​ഗ്ധരുടെ വിലയിരുത്തൽ. സൂറത്തിലെ വജ്രവ്യവസായത്തിന്റെ പ്രധാന കേന്ദ്രമാണ് ഹോങ്കോം​ഗ്. എന്നാൽ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഇവിടത്തെ എല്ലാ വ്യവസായങ്ങളും മാന്ദ്യം നേരിട്ട അവസ്ഥയിലാണുള്ളത്. 

ജെംസ് ആൻഡ് ജ്വല്ലറി എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ (ജിജെഇപിസി) റീജിയണൽ ചെയർമാൻ ദിനേശ് നവാദിയയുടെ അഭിപ്രായത്തിൽ 50,000 കോടി രൂപയുടെ മിനുക്കിയ വജ്രങ്ങൾ എല്ലാ വർഷവും സൂറത്തിൽ നിന്ന് ഹോങ്കോങ്ങിലേക്ക് കയറ്റുമതി ചെയ്യുന്നു. മൊത്തം കയറ്റുമതിയുടെ 37 ശതമാനത്തോളമാണ് ഇത്. ഇപ്പോൾ കൊറോണ വൈറസ് ഭീതിയെത്തെത്തുടർന്ന് ഹോങ്കോംഗ് ഒരു മാസത്തെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അവിടങ്ങളിൽ ഓഫീസുകളുള്ള ഗുജറാത്തി വ്യാപാരികൾ ഇന്ത്യയിലേക്ക് മടങ്ങിവരുന്നു," അദ്ദേഹം പറഞ്ഞു. സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിൽ, സൂററ്റ് വജ്ര വ്യവസായത്തിൽ ഇത് വലിയ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ 8,000 കോടി രൂപയുടെ നഷ്ടമാണ് സൂററ്റ് ഡയമണ്ട് വ്യവസായത്തിന് സംഭവിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. 

കൊറോണ വൈറസ് ഭീതിയെത്തുടർന്ന്  അടുത്ത മാസം ഹോങ്കോങ്ങിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര ജ്വല്ലറി എക്സിബിഷൻ റദ്ദാക്കാനുള്ള സാധ്യതയുണ്ടെന്നും സൂറത്തിലെ ജ്വല്ലറി ബിസിനസിനെ ഇത് വളരെ പ്രതികൂലമായി ബാധിക്കുമെന്നും മറ്റൊരു വ്യവസായ വിദഗ്ധനും വജ്ര വ്യാപാരിയുമായ പ്രവീൺ നാനാവതി പറഞ്ഞു."സൂറത്തിൽ നിർമ്മിച്ച മിനുക്കിയ വജ്രങ്ങളും ആഭരണങ്ങളും ഹോങ്കോങ്ങിലൂടെ മാത്രമാണ് ലോകമെമ്പാടും എത്തിച്ചേരുന്നത്. ഇപ്പോൾ അവധിക്കാലം കാരണം ഞങ്ങളുടെ ബിസിനസ്സ് പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. വ്യാപാരികൾ മിക്കവരും ഇന്ത്യയിലേക്ക് മടങ്ങുകയാണ്," അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര എക്സിബിഷനിലാണ് ഏറ്റവും കൂടുതൽ വജ്രങ്ങൾ വിൽക്കാൻ സാധിക്കുന്നതെന്നും നാനാവതി കൂട്ടിച്ചേർത്തു. 

സ്ഥിതി​ഗതികളിൽ മാറ്റം വന്നില്ലെങ്കിൽ ആയിരക്കണക്കിന് കോടികളുടെ നഷ്ടമാണ് വജ്രവ്യവസായ മേഖലയിൽ സംഭവിക്കാൻ പോകുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ലോകത്തിലെതന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ഹോങ്കോങ്ങിലേത്. ചൈനയുടെ പ്രധാന സഞ്ചാരകേന്ദ്രം കൂടിയാണിവിടം. പതിനെട്ട് പേർക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരാൾ മരിക്കുകയും ചെയ്തിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. ഇതുവരെ, ഈ രോഗം ചൈനയിൽ 400 ൽ അധികം ആളുകളെ കൊന്നൊടുക്കുകയും 20,000 ത്തിലധികം പേരെ ബാധിക്കുകയും ചെയ്തിട്ടുണ്ട്.