കെനിയയിലെ മഗാഡി ഫാക്ടറി പൂട്ടാനുള്ള പ്രസിഡന്റ് വില്യം റുട്ടോയുടെ ഉത്തരവിനെ തുടർന്ന് ടാറ്റ കെമിക്കൽസ് പ്രതിസന്ധിയിൽ. തങ്ങൾ എല്ലാ നിയമങ്ങളും പാലിച്ചാണ് പ്രവർത്തിക്കുന്നതെന്നാണ് കമ്പനിയുടെ പ്രതികരണം. ടാറ്റ പ്രദേശത്തിന് യാതൊരു ഗുണവും നൽകിയിട്ടില്ലെന്ന് പ്രസിഡന്റ് റുട്ടോ ആരോപിച്ചു. ഈ പ്രതിസന്ധി ടാറ്റ കെമിക്കൽസിന്റെ ഓഹരി വിപണിയിലും തിരിച്ചടിയായി.
കെനിയയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രസിഡന്റ് വില്യം റുട്ടോ ഉത്തരവിട്ടതിന് പിന്നാലെ പ്രതികരണവുമായി ടാറ്റ കെമിക്കല്‍സ് രംഗത്ത്. രാജ്യത്തെ എല്ലാ നിയമങ്ങളും ചട്ടങ്ങളും പൂര്‍ണ്ണമായി പാലിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ടാറ്റ വ്യക്തമാക്കി. കജിയാഡോ കൗണ്ടിയിലെ മഗാഡിയിലുള്ള ടാറ്റയുടെ മഗാഡി ഫാക്ടറി പൂട്ടാനും പകരം രണ്ട് പുതിയ കമ്പനികള്‍ക്ക് ചുമതല കൈമാറാനുമാണ് കെനിയന്‍ സര്‍ക്കാരിന്റെ തീരുമാനം. മഗാഡി സന്ദര്‍ശനത്തിനിടെയാണ് പ്രസിഡന്റ് വില്യം റുട്ടോ ഇക്കാര്യം പ്രഖ്യാപിച്ചത്.
ടാറ്റയുടെ നിലപാട്
കെനിയയിലെ തങ്ങളുടെ ഉപകമ്പനിയായ ടാറ്റ കെമിക്കല്‍സ് മഗാഡി ലിമിറ്റഡ്, കെനിയന്‍ ഖനന-സമുദ്ര കാര്യ മന്ത്രാലയം ആവശ്യപ്പെട്ട എല്ലാ രേഖകളും ഇതിനകം സമര്‍പ്പിച്ചിട്ടുണ്ടെന്ന് ടാറ്റ കെമിക്കല്‍സ് അറിയിച്ചു. ഓഹരി വിപണിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. ജൂലൈ 28 ന് മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച ഔദ്യോഗിക കത്തിനുള്ള മറുപടിയായി ഓഗസ്റ്റ് 11 ന് തന്നെ വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും രേഖകളും നല്‍കിയിട്ടുണ്ടെന്നും കമ്പനി നിയമങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുന്നുണ്ടെന്നും ടാറ്റ ആവര്‍ത്തിച്ചു. ഈ രേഖകള്‍ പരിശോധിച്ച് മന്ത്രാലയം നല്‍കുന്ന തുടര്‍ നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി.
യാതൊരു ഗുണവുമില്ലെന്ന് പ്രസിഡന്റ് റുട്ടോ
ടാറ്റ കെമിക്കല്‍സ് കാലങ്ങളായി കെനിയയിലുണ്ടെങ്കിലും കജിയാഡോ പ്രദേശത്തിന് ഇതിലൂടെ യാതൊരു ഗുണവും ഉണ്ടായിട്ടില്ലെന്നാണ് പ്രസിഡന്റ് റുട്ടോയുടെ പ്രധാന വിമര്‍ശനം. 'നൂറ് വര്‍ഷമായി ടാറ്റ കമ്പനിക്ക് ഇവിടെ കരാറുണ്ട്. എന്നാല്‍ കജിയാഡോയില്‍ അവര്‍ ഒന്നും നിര്‍മ്മിച്ചിട്ടില്ല. ഒരു ഫാക്ടറി പോലും സ്ഥാപിച്ചിട്ടില്ലെയെന്നും റുട്ടോ കുറ്റപ്പെടുത്തി. ടാറ്റയ്ക്ക് പകരം കജിയാഡോയില്‍ ഉല്‍പ്പാദന യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ തയ്യാറുള്ള പുതിയ കമ്പനികളെ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. വലിയൊരു ഗ്ലാസ് കമ്പനിയും രാസവസ്തുക്കള്‍ നിര്‍മ്മിക്കുന്ന മറ്റൊരു കമ്പനിയും ഇവിടെ തുടങ്ങണമെന്നും നമ്മള്‍ മറ്റുള്ളവരുടെ അടിമകളാണോയെന്നും റുട്ടോ ചോദിച്ചു.
കെനിയയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ടാറ്റ
2005-ല്‍ ഫാക്ടറി ഏറ്റെടുത്തത് മുതല്‍ മഗാഡിയിലെ പ്രവര്‍ത്തനം തങ്ങളുടെ ബിസിനസിന്റെയും കെനിയന്‍ സമ്പദ്വ്യവസ്ഥയുടെയും പ്രധാന ഭാഗമാണെന്ന് ടാറ്റ കെമിക്കല്‍സ് പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിയമപരമായ വഴികളിലൂടെ കെനിയന്‍ അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും കമ്പനി വ്യക്തമാക്കി. തങ്ങളുടെ ജീവനക്കാരുടെയും മഗാഡിയിലെ ജനങ്ങളുടെയും ക്ഷേമത്തിനും കെനിയയുടെ സാമ്പത്തിക വികസനത്തിനുമാണ് മുന്‍ഗണന നല്‍കുന്നതെന്നും ടാറ്റ കൂട്ടിച്ചേര്‍ത്തു.
ഓഹരി വിപണിയില്‍ തിരിച്ചടി
കെനിയയിലെ ഈ പ്രതിസന്ധികള്‍ ഇന്ത്യയില്‍ ടാറ്റ കെമിക്കല്‍സിന്റെ ഓഹരികളെയും ബാധിച്ചു. പ്രസിഡന്റ് റുട്ടോയുടെ പ്രഖ്യാപനത്തിന് പിന്നാലെ വെള്ളിയാഴ്ച ബിഎസ്ഇയില്‍ കമ്പനിയുടെ ഓഹരികള്‍ 3 ശതമാനം ഇടിഞ്ഞ് 625 രൂപയിലെത്തി.


