ദില്ലി: ടാറ്റ സൺസ് വൻ നിക്ഷേപ സമാഹരണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഗ്രൂപ്പ് സ്ഥാപനങ്ങളിലേക്കായി ഒരു ബില്യൺ ഡോളറിന്റെ നിക്ഷേപം സമാഹരിക്കാനാണ് ശ്രമം. ടാറ്റ മോട്ടോർസ്, ടാറ്റ പവർ എന്നിവയിലേക്കടക്കമാണ് ഓഹരി വിൽപ്പനയിലൂടെ പണം കണ്ടെത്താൻ ശ്രമിക്കുന്നത്. 

വെള്ളിയാഴ്ച ചേർന്ന ടാറ്റ ഗ്രൂപ്പിന്റെ ബോർഡ് ഓഫ് ഡയറക്ടർമാരുടെ യോഗത്തിലാണ് ഈ തീരുമാനമെടുത്തതെന്നാണ് വിവരം. ലോകമാകെ കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ടാറ്റ മോട്ടോർസിന്റെയും ടാറ്റ പവറിന്റെയും വരുമാനം ഇടിഞ്ഞ സാഹചര്യത്തിലാണ് ഇത്.

മാർച്ച് പാദത്തിൽ 9894 കോടിയായിരുന്നു ടാറ്റ മോട്ടോർസിന്റെ നഷ്ടം. ടാറ്റ പവറാകട്ടെ തങ്ങളുടെ മൂന്ന് കപ്പലുകൾ 212.8 ദശലക്ഷം ഡോളറിന് വിറ്റു. ദക്ഷിണാഫ്രിക്കൻ കമ്പനിയായ സെന്നെർജിയിൽ 110 ദശലക്ഷം ഡോളറിന്റെ ഓഹരി വിറ്റഴിച്ചതിന് പിന്നാലെയായിരുന്നു കപ്പലിന്റെയും വിൽപ്പന.