ദില്ലി: അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആർ)വുമായി ബന്ധപ്പെട്ട ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ടെലികോം സേവന ദാതാക്കളായ ഭാരതി എയര്‍ടെലും വോഡഫോണ്‍ ഐഡിയയും സുപ്രീംകോടതിയിൽ വ്യത്യസ്ത ഹർജികൾ സമർപ്പിച്ചു. എജിആര്‍ പുനര്‍നിര്‍വചിച്ച ടെലികോം വകുപ്പിന്റെ നിലപാടിനെ പിന്തുണച്ച കോടതി വിധിയെ തുടര്‍ന്ന് സ്പെക്ട്രം യൂസേജ് ചാർജ് അടക്കം 1.47 ട്രില്യണാണ് ടെലികോം കമ്പനികൾ അടക്കേണ്ടത്. ഇതിൽ പലിശയും പിഴപലിശയും ചേർത്ത് മൊത്തം 92,641രൂപ ടെലികോം കമ്പനികൾ സർക്കാരിലേക്ക് അടക്കേണ്ടതുണ്ട്. ഇത് അടയ്ക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെയാണ് കമ്പനികൾ ഹർജി സമർപ്പിച്ചത്.

തങ്ങളുടെ കൺസ്യൂമർ മൊബൈൽ ബിസിനസ് ഭാരതി എയർടെല്ലുമായി ലയിപ്പിച്ച ടാറ്റ ടെലിസർവ്വീസസും പുനപരിശോധനാ ഹർജി നൽകിയിട്ടുണ്ട്. നേരത്തെ പ്രവർത്തനം അവസാനിപ്പിച്ച വീഡിയോകോൺ ടെലികമ്യൂണിക്കേഷൻസ്, നോർവേ ആസ്ഥാനമായ ടെലിനോർ എന്നിവരും പുനപരിശോധനാ ഹർജികൾ നൽകിയിട്ടുണ്ട്. സുപ്രീംകോടതി വിധി എതിരായെങ്കിലും കേന്ദ്രസർക്കാരിനോട് പിഴയായി ഒടുക്കേണ്ട പണം ഇളവ് ചെയ്യണമെന്ന ആവശ്യമാണ് വോഡഫോൺ ഐഡിയയും എയർടെല്ലും ഉന്നയിച്ചത്.

എന്നാൽ പിഴയും പലിശയും ഇളവ് ചെയ്യാനുള്ള തീരുമാനം സർക്കാരിൽ നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. 90 ദിവസത്തിനുള്ളിൽ എല്ലാ കുടിശികയും ടെലികോം കമ്പനികള്‍ അടച്ച് തീർക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. അതേസമയം, വിധി ടെലികോം കമ്പനികൾക്ക് എതിരായതോടെ ഉപഭോക്താക്കൾക്കാണ് തിരിച്ചടി ഉണ്ടായത്. ഇതോടെ നിരക്കുകളിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്.

സുപ്രീംകോടതി ഉത്തരവിട്ടതിൽ നിന്ന് വ്യത്യസ്തമായി 23,188 കോടി രൂപ സർക്കാരിലേക്ക് അടക്കാമെന്നാണ് കമ്പനികൾ വ്യക്തമാക്കിയിരിക്കുന്നത്. സുപ്രീംകോടതി അടയ്ക്കാൻ ആവശ്യപ്പെട്ട തുകയിൽ 41650 കോടി പലിശയും 10923 കോടി പിഴയും 16878 കോടി പിഴപ്പലിശയുമാണ്. എന്നാൽ, ലൈസൻസ് ഫീ ഇനത്തിൽ ഭാരതി എയർടെൽ അടക്കേണ്ടത് 5528 കോടിയും വോഡഫോൺ ഐഡിയ അടക്കേണ്ടത് 6870 കോടിയുമാണ്.