ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചപ്പോള്‍ ഏറ്റവും ആധികാരികമായ വിവര സ്രോതസായി മാറാന്‍ കാവ സ്പേസിന് സാധിച്ചു

ഹല്‍ഗാമിലെ അതിനീചമായ തീവ്രവാദി ആക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ എണ്ണിയെണ്ണി പകരം ചോദിച്ചപ്പോള്‍ പാക്കിസ്ഥാന് നഷ്ടമായത് അവരുടെ പ്രതിരോധശേഷി സംബന്ധിച്ച വിശ്വാസ്യതയാണ്. തീവ്രവാദ പരിശീലന കേന്ദ്രങ്ങള്‍ മുതല്‍ വിമാനത്താവളങ്ങള്‍ വരെ ഇന്ത്യ തരിപ്പണമാക്കിയപ്പോള്‍ പലതും പാക്കിസ്ഥാന്‍ കള്ളമെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു. എന്നാല്‍ തെളിവ് സഹിതം പാക്കിസ്ഥാന്ിലെ നാശനഷ്ടങ്ങള്‍ ലോകത്തിന് മുന്നില്‍ തുറന്നു കാണിച്ചത് ഇന്ത്യന്‍ ബഹിരാകാശ സാങ്കേതിക സ്റ്റാര്‍ട്ടപ്പായ കാവ സ്പേസ് ആണ്. ഇതിന് പിന്നിലുള്ളത് തിരുവനന്തപുരം സ്വദേശിയായ ക്രിസ് നായരും. ഇന്ത്യയുടെ ഉപഗ്രഹ അധിഷ്ഠിത ഇന്‍റലിജന്‍സിന്‍റെ ഏറ്റവും വിശ്വസനീയമായ ഉറവിടങ്ങളിലൊന്നായി ഇതോടെ കാവ സ്പേസ് മാറി.

ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചപ്പോള്‍ ഏറ്റവും ആധികാരികമായ വിവര സ്രോതസായി മാറാന്‍ കാവ സ്പേസിന് സാധിച്ചു. ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാക്കിസ്ഥാന് ഇന്ത്യയുണ്ടാക്കിയ നാശനഷ്ടങ്ങളുടെ വ്യാപ്തി കാണിക്കുന്ന ഉയര്‍ന്ന റെസല്യൂഷന്‍ ഉപഗ്രഹ ചിത്രങ്ങള്‍ കാവ സ്പേസ് പുറത്തുവിട്ടു. പാക്കിസ്ഥാനിലെ ആണവ പരീക്ഷണ കേന്ദ്രമെന്ന് വിശ്വസിക്കുന്ന കിരാന കുന്നുകളിലെ ആക്രമണ വിവരങ്ങളും കാവ സ്പേസ് പങ്കുവച്ചിരുന്നു. കിരാന കുന്നുകള്‍ ആക്രമിക്കപ്പെട്ടോയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് കാവ സ്പേസ് അവരുടെ എക്സ് ഹാന്‍ഡില്‍ വഴി പങ്കുവച്ച വിവരങ്ങള്‍ വഴിവച്ചു. ജേക്കബാബാദിലെ ഷഹബാസ് വ്യോമതാവളത്തില്‍, പ്രധാന ഏപ്രണിലെ ഒരു ഹാംഗറില്‍ ആക്രമണം ഉണ്ടായതായുള്ള വിവരവും ആദ്യം പങ്കുവച്ചത് കാവ സ്പേസാണ്. സ്ഥലത്തെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കെട്ടിടത്തിന് നാശനഷ്ടമുണ്ടായേക്കാമെന്നും കാവാസ്പേസ് പുറത്തുവിട്ട ചിത്രം സൂചിപ്പിക്കുന്നു.

ആറ് വര്‍ഷം മുമ്പാണ് കാവ സ്പേസിന് തുടക്കം കുറിക്കുന്നത്. ഇന്ത്യയിലെ നാല് മുന്‍നിര ബഹിരാകാശ സാങ്കേതിക കമ്പനികളിലൊന്നാണ് ഇന്ന് കാവ സ്പേസ്. അസിസ്റ്റ ഇന്‍ഡസ്ട്രീസ്, കെപ്ലര്‍ എയ്റോസ്പേസ്, ഡിഫൈ ഗ്രാവിറ്റി എന്നീ മറ്റ് മൂന്ന് കമ്പനികളുമായി ചേര്‍ന്ന് ഭാരത് സ്പേസ് കളക്ടീവ് (ബിഎസ്സി) നേരത്തെ സ്ഥാപിച്ചിരുന്നു. ബഹിരാകാശ സാങ്കേതികവിദ്യ വികസിപ്പിക്കുകയും വിന്യസിക്കുകയും ചെയ്യുന്നതില്‍ പുതിയ വഴികള്‍ തേടുന്നതിനാണ് ബി എസ് സി സ്ഥാപിച്ചത്