തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരണത്തിൽ ക്ഷേമ പെൻഷനുകൾ ഉയർത്തുമെന്ന സൂചന നൽകി ധനമന്ത്രി തോമസ് ഐസക്. അഭ്യസ്ഥ വിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള ശ്രമങ്ങളും ഉണ്ടാകും. വാക്കുപറഞ്ഞത് പോലെ ശമ്പള പരിഷ്കരണം നടപ്പിലാക്കും. എന്നാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക നില പരുങ്ങലിലാണെന്നും പുതിയ ധന നയം ആവശ്യമാണെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

ബജറ്റിൽ കൈയ്യടിക്കാനുള്ള പ്രഖ്യാപനങ്ങളുണ്ടാവും. പെൻഷൻ വർധിപ്പിച്ചത് ഈ സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ്. അന്ന് തെരഞ്ഞെടുപ്പുണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പിനുള്ള കൈക്കൂലിയല്ല അത്. തെരഞ്ഞെടുപ്പിനെ അത് സഹായിച്ചേക്കാമെന്നേയുള്ളൂ. ക്ഷേമ പെൻഷനുകൾ ഉയർത്തുന്നതിന് കേരളം പ്രതിജ്ഞാബദ്ധമാണ്. കേരളത്തിന്റെ വരുമാന കൈമാറ്റത്തിന്റെ മാതൃകയാണിത്. ഇത് വർധിപ്പിച്ചേ തീരൂവെന്നും ധനമന്ത്രി പറഞ്ഞു. 

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരുങ്ങലിലാണ്. വരുമാനം കുറഞ്ഞു. വായ്പയെടുത്താണ് കാര്യങ്ങൾ നടക്കുന്നത്. ഇങ്ങിനെ മുന്നോട്ട് പോകാനാവില്ല. അടിയന്തിരമായി ചില നയം മാറ്റങ്ങൾ വേണ്ടിവരും. പുതിയ ധന നയം ആവശ്യമാണ്. ഇത്തവണ ഇനിയെന്ത് എന്ന ചോദ്യത്തിന് കൂടി ഉത്തരം നൽകും. ഏത് ഇടത് സർക്കാരും സാമൂഹ്യക്ഷേമ രംഗത്ത് ഊന്നൽ നൽകിയിരുന്നു. ഇനിയൊരു പുതിയ ചുവടുവെയ്പാണ്. കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് അഭ്യസ്ഥവിദ്യരുടെ തൊഴിലില്ലായ്മ. അതൊരു അഴിക്കാൻ പറ്റാത്ത കുരുക്കാണ്. നമ്മുടെ തൊഴിൽ ദാന പരിപാടിക്കൊന്നും അഭ്യസ്ഥവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കാനാവുന്നില്ല. ഇത് പരിഹരിക്കുക എന്നത് കേരളത്തിന് മുന്നിലുള്ള കടമയാണിത്. അത്തരമൊരു പരിപാടിക്ക് ഈ ബജറ്റ് തുടക്കം കുറിക്കും.

കൊവിഡ് തൊഴിൽ ഘടനയിലും വ്യവസായങ്ങളുടെ സ്വഭാവത്തിലും മാറ്റം വരുത്തി. ഇതൊരു അവസരമാണ്. അതിനെ ഉപയോഗപ്പെടുത്താൻ പറ്റും. കൊവിഡ് കാലത്ത് കേരളത്തിന്റെ പ്രവർത്തനം ലോകം ശ്രദ്ധിച്ചു. സംസ്ഥാനത്തിന് നല്ല ബ്രാന്റ് മൂല്യം ഉണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അഭ്യസ്തവിദ്യരായ നിരവധി സ്ത്രീകളും പുരുഷന്മാരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ സ്ത്രീകൾക്ക് ജോലി ലഭിക്കുന്നത് കുറവാണ്. സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 18 ശതമാനവും പുരുഷന്മാരുടേത് അഞ്ച് ശതമാനവുമാണ്. സ്ത്രീകൾ പതിയെ തൊഴിൽ അന്വേഷണം നിർത്തി വീട്ടമ്മമാരാവുന്നു. തൊഴിൽ കൊടുക്കാമെന്ന് പറയുന്നത് തൊഴിൽ അന്വേഷിക്കാതെ വീട്ടിലിരിക്കുന്ന സ്ത്രീകൾക്ക് കൂടിയാണ്. എളുപ്പമുള്ള കാര്യമല്ല ഇത്. ഒരു സാധ്യത കേരളത്തിന്റെ മുന്നിലുണ്ട്. അത് ഉപയോഗിക്കാനുള്ള പെരുമ കേരളത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് വാക്സീൻ സൗജന്യമായിരിക്കും. കേന്ദ്രം എത്ര വില ഈടാക്കുമെന്നും വ്യക്തമല്ല. 200 ന്റെയും 2000ത്തിന്റെയും വാക്സീനുണ്ട്. വാക്സീൻ കണ്ടുപിടിച്ച കാലം മുതൽ ഇത് കേരളത്തിൽ സൗജന്യമാണ്. കൊവിഡ് മരുന്നും ചികിത്സയും ഭക്ഷണവും സൗജന്യമായിരുന്നു. എത്രയും പെട്ടെന്ന് വാക്സീൻ കൊടുക്കുക. മറ്റ് സംസ്ഥാനങ്ങളേക്കാൾ വേഗത്തിൽ കളത്തിലിറങ്ങാനാവും. സെസ് എങ്ങിനെയാണ് എന്ത് എന്നൊക്കെ നോക്കട്ടെ. കോർപ്പറേറ്റ് ടാക്സ് ഒന്നര ലക്ഷം കോടി ഇളവ് ചെയ്തത് പുനസ്ഥാപിച്ച് കേന്ദ്രത്തിന് പണം കണ്ടെത്താവുന്നതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

കിഫ്ബിയുടെ 60000 കോടിയുടെ പദ്ധതികളാണ് ഉള്ളത്. അതിൽ 20000 കോടിയുടെ നിർമ്മാണം ആരംഭിച്ച് കഴിഞ്ഞു. അതിൽ തന്നെ ആറായിരം കോടി ചെലവഴിച്ചു.  ബില്ലൊക്കെ വന്നാൽ കൊടുക്കാനായി കൈയ്യിൽ ഒരു പതിനായിരം കോടി രൂപയുണ്ട്.  പണം സമാഹരിക്കൽ പ്രശ്നമല്ല. സമയത്ത് ചെയ്തു തീർക്കലാണ് വെല്ലുവിളി. ഇത്രയും പദ്ധതികൾ ഏറ്റെടുത്തില്ലാത്തത് കൊണ്ട് കാലതാമസം വരുന്നു. 

ജിഎസ്ടി കുറയ്ക്കാനൊന്നും നമുക്ക് അവകാശമില്ല. ചില നികുതികൾ കുറച്ചാൽ കൂട്ടാനാവില്ല. ബജറ്റിൽ കൊവിഡാനന്തര കേരളത്തിൽ അനിവാര്യമായ മാറ്റത്തിന് ഉത്തേജനം നൽകണം. കേരളം പരിസ്ഥിതി സൗഹൃദ പ്രദേശമായി മാറുന്നതിന്റെ ഭാഗമായി കെട്ടിട നിർമ്മാണത്തിൽ പരിസ്ഥിതി സൗഹൃദ സംവിധാനം പ്രോത്സാഹിപ്പിക്കണമെന്നും ധനമന്ത്രി പറഞ്ഞു.