Asianet News MalayalamAsianet News Malayalam

കുപ്പിയും ആക്രിയും പെറുക്കി നടന്ന യുവാവിന് കിട്ടി ഒരു പൊതി; തുറന്നപ്പോള്‍ 25 കോടി!

ബെംഗളൂരുവിലെ റെയില്‍വെ ട്രാക്കില്‍ ആക്രി പെറുക്കുകയായിരുന്നു യുവാവ്. അതിനിടെയാണ് ഒരു പാക്കറ്റ് ശ്രദ്ധയില്‍പ്പെട്ടത്.

three million us dollar at railway track rag picker finds it handed over to police in bengaluru SSM
Author
First Published Nov 7, 2023, 11:35 AM IST

ബംഗളൂരുവില്‍ ആക്രി പെറുക്കുന്ന 39 കാരനായ സലിമാനെ സംബന്ധിച്ച് നവംബര്‍ 3 എന്നത്തെയും പോലെ സാധാരണ ദിവസമായിരുന്നു. അത് അസാധാരണമായത് വഴിയില്‍ നിന്ന് മൂന്ന് മില്യണ്‍ ഡോളര്‍ (25 കോടി രൂപ) വീണുകിട്ടിയതോടെയാണ്. ശേഷം യുവാവിനെ സംബന്ധിച്ച് ഉറക്കാമില്ലാ രാത്രികളായിരുന്നു. സംഭവമിങ്ങനെയാണ്...  

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്ലാസ്റ്റിക് കുപ്പികളും പാഴ് വസ്തുക്കളും പെറുക്കി ഉപജീവനമാർഗം കണ്ടെത്തുന്നയാളാണ് സലിമാന്‍. നവംബർ 3ന് പതിവുപോലെ ബെംഗളൂരുവിലെ നാഗവാര റെയില്‍വെ ട്രാക്കില്‍ ആക്രി പെറുക്കുകയായിരുന്നു യുവാവ്. അതിനിടെയാണ് ഒരു പാക്കറ്റ് ശ്രദ്ധയില്‍പ്പെട്ടത്.

അത് കറൻസി നോട്ടുകളാണെന്ന് അപ്പോള്‍ തനിക്ക് അറിയില്ലായിരുന്നുവെന്ന് ബംഗാള്‍ സ്വദേശിയായ സലിമാന്‍ പറഞ്ഞു. പുസ്തക കെട്ടാണെന്നാണ് ആദ്യം കരുതിയത്. വീട്ടിലെത്തി പൊതി തുറന്നപ്പോൾ 23 കെട്ട് യുഎസ് ഡോളർ കണ്ടെത്തി. ഒപ്പം എന്തോ രാസവസ്തുവിന്‍റെ മണവും അനുഭവപ്പെട്ടു. പിന്നാലെ തനിക്ക് ശാരീരിക അസ്വസ്ഥത തോന്നിയെന്നും സലിമാന്‍ പറഞ്ഞു. സംഭവം ആരെ അറിയിക്കണമെന്ന് ഒരു പിടിയും കിട്ടിയില്ല. തന്‍റെ മുതലാളി അപ്പോള്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഒന്നും കഴിക്കാനോ ഉറങ്ങാനോ കഴിയാത്ത അവസ്ഥയിലായി. പൊലീസിനോട് പറഞ്ഞാല്‍ താന്‍ കുറ്റക്കാരനാവുമോ എന്ന് പേടി തോന്നി. അങ്ങനെ പ്രദേശത്തെ സാമൂഹ്യപ്രവര്‍ത്തകനായ കലിമുള്ളയെ സമീപിച്ചു.

അക്കൗണ്ടില്‍ 221 കോടി! അറിഞ്ഞത് ഇൻകം ടാക്സ് നോട്ടീസ് വന്നപ്പോൾ, പുലിവാല് പിടിച്ച് തൊഴിലാളി

കലിമുള്ള ഉടൻ തന്നെ സിറ്റി പൊലീസ് കമ്മീഷണർ ബി ദയാനന്ദയെ വിളിച്ച് വിവരം പറഞ്ഞു. ഇത്രയും കറൻസി നോട്ടുകള്‍ കണ്ട് പൊലീസ് അമ്പരന്നുപോയി. ഉടൻ തന്നെ കമ്മീഷണര്‍ ഹെബ്ബാൾ പൊലീസ് ഇൻസ്പെക്ടറെ വിളിച്ചു. ഐക്യരാഷ്ട്ര സഭയുടെ പേരിലുള്ള ഒരു കുറിപ്പും കറന്‍സിക്കൊപ്പം ഉണ്ടായിരുന്നു. ദക്ഷിണ സുഡാനിലെ യുഎൻ സമാധാന സേനയ്ക്കുള്ള പണം എന്നാണ് എഴുതിയിരുന്നത്. ഇത് കള്ളനോട്ടുകളാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. നോട്ടുകെട്ടുകള്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് (ആർബിഐ) അയച്ചെന്നും അവിടെയാണ് ഇക്കാര്യം അന്തിമമായി സ്ഥിരീകരിക്കേണ്ടതെന്നും പൊലീസ് പറഞ്ഞു.  

'ബ്ലാക്ക് ഡോളര്‍' തട്ടിപ്പ് സംഘത്തിന്‍റേതാവും ഈ വ്യാജ കറന്‍സികളെന്നാണ് പൊലീസിന്‍റെ നിഗമനം. കറന്‍സി കൈമാറ്റത്തിനിടെ വ്യാജ നോട്ടുകള്‍ നല്‍കി പറ്റിക്കുന്ന സംഘമാകാം ഈ നോട്ടുകള്‍ക്ക് പിന്നിലെന്ന് പൊലീസ് കരുതുന്നു. ബെംഗളൂരുവിൽ വിദേശികള്‍ ഉള്‍പ്പെടെ ഈ റാക്കറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. നോട്ടുകെട്ടുകള്‍ സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios