ദില്ലി: രാജ്യത്തെ ഏറ്റവും വലിയ വ്യാപാരി സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ ട്രേഡേർസ് പുതിയ ആവശ്യവുമായി രംഗത്ത്. സിനിമാ-കായിക താരങ്ങളോട് ഇനി മുതൽ ചൈനീസ് ഉൽപ്പന്നങ്ങളുടെ പരസ്യത്തിൽ അഭിനയിക്കരുതെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

'ബോയ്‌ക്കോട്ട് ചൈന' പ്രചാരണത്തിന്റെ ഭാഗമായാണ് സിഎഐടി പുതിയ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, ശിൽപ ഷെട്ടി, മാധുരി ദീക്ഷിത്, മഹേന്ദ്ര സിങ് ധോണി, സച്ചിൻ ടെണ്ടുൽക്കർ, സോനു സൂദ് എന്നിവരോട് ഈ ക്യാംപെയിന്റെ ഭാഗമാകാനും നിർദ്ദേശിച്ചിട്ടുണ്ട്. 

നിലവിൽ ചൈനീസ് ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ പരസ്യത്തിൽ അഭിനയിക്കുന്ന ബോളിവുഡ് താരങ്ങളോട് ഇത് അവസാനിപ്പിക്കാൻ നിർദ്ദേശം നൽകി. ഈ പട്ടിക വളരെ നീണ്ടതാണ്. അതിൽ വിവോ പരസ്യത്തിൽ അഭിനയിക്കുന്ന ആമിർ ഖാൻ, സാറ അലി ഖാൻ എന്നിവർക്ക് പുറമെ വിരാട് കോലി, ദീപിക പദുകോൺ, സിദ്ധാർത്ഥ് മൽഹോത്ര, റാപ്പർ ബാദ്ഷാ, രൺബീർ കപൂർ, രൺവീർ സിങ്, സൽമാൻ ഖാൻ, ശ്രദ്ധ കപൂർ, ആയുഷ്‌മാൻ ഖുറാന തുടങ്ങിയവരുണ്ട്.

വ്യാപാര രംഗത്ത് ഇന്ത്യയുടെ രണ്ടാമത്തെ വലിയ പങ്കാളി ചൈനയാണ്. എന്നാൽ രണ്ട് മാസമായി അതിർത്തിയിൽ തുടരുന്ന അസ്വസ്ഥകളിൽ 20 ഇന്ത്യൻ ജവാന്മാർ വീരമൃത്യു വരിച്ചതോടെ ചൈനീസ് ഉൽപ്പന്നങ്ങൾ വാങ്ങരുതെന്ന വലിയ പ്രചാരണം ആണ് ആരംഭിച്ചിരിക്കുന്നത്.