ദില്ലി:  ജനുവരി മാസത്തിലെ ചകക്ക് സേവന നികുതി 1.10 ലക്ഷം കോടിയെന്ന് കണക്ക്. കേന്ദ്ര ബജറ്റ് 2020 അവതരണത്തിന് തൊട്ടുമുൻപാണ് ഈ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. 1,10,828 കോടിയാണ് മാസ വരുമാനം.

ഇതിൽ 20944 കോടി കേന്ദ്ര ജിഎസ്‌ടിയും 28224 കോടി സംസ്ഥാന ജിഎസ്‌ടിയുമാണ്. ഇന്റഗ്രേറ്റഡ് ജിഎസ്‌ടി 53013 കോടിയാണ്. ഇതിൽ 23481 കോടി ഇറക്കുമതിയിൽ നിന്നും 8637 കോടി സെസ് വഴിയും ലഭിച്ചതാണ്.

ജിഎസ്‌ടി നടപ്പിലാക്കിയ ശേഷം ലഭിച്ച രണ്ടാമത്തെ ഏറ്റവും ഉയ‍ർന്ന നികുതി വരുമാനമാണ് ജനുവരിയിലേത്. ധനമന്ത്രാലയത്തിൽ നിന്ന് ലഭിച്ച സൂചനകൾ പ്രകാരം ഇന്റഗ്രേറ്റഡ് ജിഎസ്ടിയിൽ നിന്ന് 24730 കോടി കേന്ദ്ര ജിഎസ്‌ടിയിലേക്കും 18199 കോടി സംസ്ഥാന ജിഎസ്‌ടിയായും തിരിച്ചിട്ടുണ്ട്. ഇതോടെ ജനുവരി മാസത്തിലെ ആകെ ജിഎസ്‌ടി വരുമാനം കേന്ദ്രത്തിന് 45674 കോടിയും സംസ്ഥാനങ്ങൾക്ക് 46433 കോടിയുമായിരിക്കും.

ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള ജനുവരി മാസത്തിലെ ജിഎസ്ടി വരുമാനത്തിൽ 12 ശതമാനം വ‍ര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇറക്കുമതി ഉൽപ്പന്നങ്ങളിൽ നിന്നുള്ള ഐജിഎസ്ടി വരുമാനത്തിൽ എട്ട് ശതമാനം വ‍ർധനവുണ്ടായി.