ദില്ലി: അളവിൽ കൂടുതൽ സ്വര്‍ണ്ണം കൈവശം വെച്ചിരിക്കുന്നവരിൽ നിന്ന് നികുതി ഈടാക്കുന്ന ഗോൾഡ് ആംനെസ്റ്റി പദ്ധതി നടപ്പാക്കാൻ സര്‍ക്കാര്‍ നീക്കമെന്ന റിപ്പോര്‍ട്ടുകൾ തള്ളി കേന്ദ്ര ധനമന്ത്രാലയം. പദ്ധതി നടപ്പാക്കാൻ ആലോചിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

അളവിൽ കൂടുതൽ സ്വര്‍ണ്ണം കൈവശം വെച്ചിരിക്കുന്നവരിൽ നിന്ന് നികുതി ഈടാക്കാൻ ലക്ഷ്യമിട്ട് 2015 ൽ ഗോൾഡ് ആംനെസ്റ്റി പദ്ധതി നടപ്പാക്കാൻ കേന്ദ്രം ആലോചിച്ചിരുന്നു. വലിയ എതിര്‍പ്പ് ഉണ്ടായതിനെ തുടര്‍ന്ന് ആ നീക്കം പിന്നീട് ഉപേക്ഷിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ വീണ്ടും പദ്ധതി നടപ്പാക്കാൻ നീക്കം എന്നായിരുന്നു ചില ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്. എന്നാൽ ഇക്കാര്യം കേന്ദ്ര ധനമന്ത്രാലയം തളളി.