Asianet News MalayalamAsianet News Malayalam

ഇന്ധന വില വർധനയ്ക്ക് കാരണം ആഗോള തലത്തിലെ ക്രൂഡ് ഓയിൽ വിലയെന്ന് കേന്ദ്രമന്ത്രി

ഇന്ധന വില ജിഎസ്ടി പരിധിയിൽ കൊണ്ടുവരണമെന്നാണ് തന്റെ നിലപാട്, എന്നാൽ ജിഎസ്ടി കൗൺസിലിൽ അംഗങ്ങൾ സമ്മതിച്ചാലേ അത് സാധ്യമാകൂവെന്നും മന്ത്രി പറയുന്നു

union minister Dharmendra Pradhan blamed  recent surge in global crude oil prices for the fuel price hike
Author
Delhi, First Published Jun 7, 2021, 5:49 PM IST

ദില്ലി: ഇന്ധന വില വർധനയ്ക്ക് ആഗോള ക്രൂഡ് ഓയിൽ വിലയിലെ വർധനവാണ് കാരണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. ഇന്ധന വില ജിഎസ്ടി പരിധിയിൽ കൊണ്ടുവരേണ്ടതുണ്ടെയെന്നത് ജിഎസ്ടി കൗൺസിലിന്റെ പരിഗണനയിലാണെന്നും, അങ്ങിനെ വന്നാൽ വില കുറയുമെന്നും അദ്ദേഹം പറഞ്ഞു.

'അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് ബാരലിന് 70 ഡോളറായി വില വർധിച്ചതാണ് ഇപ്പോഴത്തെ ഇന്ധന വിലയ്ക്ക് കാരണം. രാജ്യത്ത് ആവശ്യമായ ഇന്ധനത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്നതിനാൽ വില വർധന ഇവിടുത്തെ ഉപഭോക്താക്കളെ പ്രതികൂലമായി ബാധിച്ചേക്കാം,' എന്നും അദ്ദേഹം പറഞ്ഞു.

വഡോദരയിലെ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ റിഫൈനറി വികസനവുമായി ബന്ധപ്പെട്ട് ഐഒസിയും ഗുജറാത്ത് സർക്കാരും തമ്മിലുള്ള ധാരണാപത്രം ഒപ്പുവെക്കാനായി ഗാന്ധിനഗറിലെത്തിയതായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തകർ ഇന്ധന വില വർധനവിനെ കുറിച്ച് ചോദിച്ചപ്പോഴാണ് മന്ത്രി ആഗോള വില നിലവാരത്തെ കുറ്റപ്പെടുത്തിയത്.

'ആഗോള വിലയെ അടിസ്ഥാനമാക്കിയാണ് ഇന്ധന വിലയിൽ മാറ്റമുണ്ടാകുന്നത്. ഇന്ധന വില ജിഎസ്ടി പരിധിയിൽ കൊണ്ടുവരണമെന്നാണ് തന്റെ നിലപാട്. എന്നാൽ ജിഎസ്ടി കൗൺസിലിൽ അംഗങ്ങൾ സമ്മതിച്ചാലേ അത് സാധ്യമാകൂ. ജിഎസ്ടി കൗൺസിലാണ് ഇക്കാര്യത്തിൽ യോജിച്ച തീരുമാനമെടുക്കേണ്ടത്,' എന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios