ലഖ്നൗ: വ്യാവസായിക മുന്നേറ്റം ലക്ഷ്യമിട്ട് ആഗ്രയിൽ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് യുപി സർക്കാർ. അഞ്ചേക്കർ പ്രദേശത്ത് നാല് നിലകളിലായി 125 കോടി ചെലവാക്കി നിർമ്മിക്കുന്ന കെട്ടിടത്തിൽ 68 വ്യവസായ യൂണിറ്റുകളാണ് ലക്ഷ്യമിടുന്നത്.

കെട്ടിടങ്ങളിൽ സ്ഥലം വ്യവസായ സംരംഭങ്ങൾക്കായി പകുത്തു നൽകും. നിർമ്മാണം, ശേഖരണം, സംരക്ഷണം തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാവും കെട്ടിടം പണിയുക. ആഗ്രയിലെ ഫൗണ്ട്രി നഗറിലാണ് കെട്ടിടം നിർമ്മിക്കാൻ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. എംഎസ്എംഇ വിഭാഗം അഡീഷണൽ ചീഫ് സെക്രട്ടറി നവ്‌നീത് സെഹ്ഗാളിനാണ് ഇതിന്റെ ചുമതല. 

കെട്ടിടം നഗരപരിധിക്ക് അകത്ത് തന്നെയായതിനാൽ വേഗത്തിൽ ചരക്കുനീക്കം സാധിക്കുമെന്നും കരുതുന്നു. ആഗ്ര - ലഖ്‌നൗ എക്സ്പ്രസ് വേയിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് ഇത്. ധാരാളം പേർക്ക് ജോലി ലഭിക്കുകയും ചെയ്യും. പ്രാദേശിക വ്യാവസായിക യൂണിറ്റുകളിൽ നിന്നുള്ള അഭിപ്രായം ആരാഞ്ഞ ശേഷമാണ് കെട്ടിടം നിർമ്മിക്കാൻ തീരുമാനിച്ചത്. 

ചെരുപ്പ്, സൈക്കിൾ, വസ്ത്ര നിർമ്മാണം, ഹാന്റ്ലൂം, കാർപെറ്റ്, ലെതർ ഉൽപ്പന്നങ്ങൾ, ഇലക്ട്രിക് ലാംപുകൾ, എംബ്രോയ്ഡറി, കമ്പിളി തുണികൾ തുടങ്ങിയ മലിനീകരണം കുറഞ്ഞ ഉൽപ്പന്നങ്ങൾക്കായിരിക്കും ഇവിടെ അവസരം ലഭിക്കുക. വൻകിട കമ്പനികൾ ചൈനയിൽ നിന്ന് ഉൽപ്പാദനം മാറ്റാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപ്പാദനം പരമാവധി ഉയർത്താനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.