ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ഘടകങ്ങൾ പരിഗണിക്കണം? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
എന്താണ് ഇൻഷുറൻസ്? ഏതൊരു ഇൻഷുറൻസ് എടുക്കാൻ പോകുന്നതിനു മുൻപ് ആദ്യം അറിഞ്ഞിരിക്കേണ്ടത് ഇതാണ്. സാധാരണയായി പ്രതിസന്ധിഘട്ടങ്ങൾ ഉണ്ടാകുമ്പോൾ, നിങ്ങളെ അല്ലെങ്കിൽ നിങ്ങൾ ഇൻഷ്വർ ചെയ്ത വസ്തുക്കളെ സാമ്പത്തിക നഷ്ടത്തിൽ നിന്നും ഒരു പരിധി വരെ രക്ഷിക്കുന്നതാണ് ഇൻഷുറൻസ്. നേരിടാൻ സാധ്യതയുള്ള അപകടങ്ങൾ എന്തെന്ന് മനസിലാക്കി അവ ഇൻഷ്വർ ചെയ്താൽ നിങ്ങൾക്കുണ്ടാകുന്ന നേട്ടങ്ങൾ നിരവധിയാണ്. ഒരു വ്യക്തിയുടെ സാമ്പത്തിക ആസൂത്രണത്തിൽ ഇൻഷുറൻസിന് പ്രധാന പങ്കുണ്ട്. ലൈഫ് ഇൻഷുറൻസ് (Life Insurance), വാഹന ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ് എന്നിങ്ങനെ വിവിധ തരാം ഇൻഷുറൻസ് പോളിസികൾ ഇന്നുണ്ട്. ഇതിൽ പലപ്പോഴും ആദ്യം തിരഞ്ഞെടുക്കുക ആരോഗ്യ ഇൻഷുറൻസ് ആയിരിക്കും. കാരണം അപ്രതീക്ഷിതമായി ഉണ്ടാകുന്ന ആശുപത്രി ചിലവുകളെ അഭിമുഖീകരിക്കാൻ ഇപ്പോഴും ആരോഗ്യ ഇൻഷുറൻസ് സഹായിക്കും. ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ഘടകങ്ങൾ പരിഗണിക്കണം?
1. ഇൻഷുറൻസ് തുക
ഒരു ആരോഗ്യ ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കുമ്പോൾ, ഒരു വർഷത്തേക്കുള്ള മെഡിക്കൽ ചെലവുകൾ ഉൾക്കൊള്ളുന്നതിനാൽ വിവേകത്തോടെ മാത്രം തുക തിരഞ്ഞെടുക്കണം. താങ്ങാനാവുന്ന പ്രീമിയം എടുക്കതിനോടൊപ്പം തന്നെ വരുമാന നിലവാരവും നോക്കണം. എന്നാൽ അതേ സമയം ആരോഗ്യവുമായി ബന്ധപ്പെട്ട ഉണ്ടാകാനിടയുള്ള പ്രതിസന്ധികളും മനസ്സിൽ കാണണം.
2. നോ ക്ലെയിം ബോണസ് (NCB)
നിങ്ങൾ ക്ലെയിം ഫയൽ ചെയ്യാത്ത എല്ലാ വർഷങ്ങളിലും ഇൻഷുറൻസ് കമ്പനി നൽകുന്ന ഇൻസെന്റീവിനെയാണ് നോ ക്ലെയിം ബോണസ് എന്ന് പറയുന്നത്. ഇൻഷുറൻസ് കമ്പനിയെയും പ്ലാനിനെയും ആശ്രയിച്ച് സാധാരണയായി ഇത് 5 മുതൽ 50% വരെ വരാം. ഇത് നിങ്ങൾക്ക് പോളിസി പുതുക്കുന്ന സമയത്ത് അതിലേക്ക് ചേർക്കാവുന്നതാണ്.
3.രോഗാടിസ്ഥാനത്തിലുള്ള ഇൻഷുറൻസ്
പോളിസിയിലെ ഇൻഷുറൻസ് തുക പരിഗണിക്കാതെ തന്നെ വിവിധ രോഗങ്ങൾക്കുള്ള ക്ലെയിം ഈടാക്കുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്, തിരഞ്ഞെടുത്ത രോഗങ്ങൾക്ക് മാത്രമായിരിക്കരുത് ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ സാധിക്കേണ്ടത്
4. ആശുപത്രിയിലെ റൂം, ഐസിയു ചാർജ്
രോഗാവസ്ഥയിൽ നിങ്ങൾ ആശുപത്രിയിൽ ചിലവഴിക്കുന്ന സമയങ്ങളിൽ
ആശുപത്രിയിലെ റൂം, ഐസിയു ചാർജുകളുടെ പരിധികൾ നിശ്ചയടിക്കുന്ന പോളിസി എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക.
5. കൂടുതൽ സവിശേഷതകൾ
അധിക സവിശേഷതകൾ ഉൾക്കൊള്ളുന്ന പോളിസിയെ വിലയിരുത്തുക. അതായത് സൗജന്യ ആരോഗ്യ പരിശോധന തുടങ്ങിയവ നൽകുന്ന പോളിസി തിരഞ്ഞെടുക്കുക
