ക്രെഡിറ്റ് കാര്‍ഡ് എപ്പോള്‍ വാങ്ങണം? ഉചിതമായ സമയം അറിയാം
ഒരു ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.

ക്രെഡിറ്റ് കാര്‍ഡ് വേണോ എന്ന് ചോദിച്ച് ഒരു ഫോണ്‍ കോള്‍ എങ്കിലും ലഭിക്കാത്തവര്‍ വളരെ വിരളമായിരിക്കും. ഇന്നത്തെ കാലത്ത് ക്രെഡിറ്റ് കാര്‍ഡ് ഒരു അത്യാവശ്യ കാര്യമായാണ് പലരും കണക്കാക്കുന്നത്. ഒരു ജോലി കിട്ടിയാല്‍ മിക്കവാറും ആളുകള്‍ ഇപ്പോള്‍ വളരെ പെട്ടെന്ന് തന്നെ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കും. ശമ്പള വരുമാനക്കാരുടെ പ്രതിമാസ ബജറ്റിന്‍റെ അവിഭാജ്യ ഘടകമാണ് ക്രെഡിറ്റ് കാര്‍ഡ് എന്നതില്‍ സംശയമില്ല. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഒരാള്‍ എപ്പോഴാണ് ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കേണ്ടത്. എപ്പോഴാണ് അതിനുള്ള ശരിയായ സമയം.. പുതിയതായി ജോലി ലഭിക്കുന്ന മിക്ക ആളുകളും ആലോചിക്കുന്ന ഒരു കാര്യമാണത്.
ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കേണ്ടത് എപ്പോള്‍ എന്ന ചോദ്യത്തിന് പലരും പല അഭിപ്രായമാണ് രേഖപ്പെടുത്തുന്നത്. ചില വിദഗ്ധര്‍ പറയുന്നത് സമ്പാദിക്കാന്‍ തുടങ്ങിയതിനുശേഷം മാത്രമേ ക്രെഡിറ്റ് കാര്‍ഡ് വാങ്ങാവൂ എന്നുള്ളതാണ്. ചില വിദഗ്ധരാകട്ടെ ജോലി കിട്ടിയ ഉടനെ ക്രെഡിറ്റ് കാര്‍ഡ് വാങ്ങാം എന്നും പറയുന്നു.
എന്തായാലും നിങ്ങള്‍ ഒരു ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.
1.. ഒരു ക്രെഡിറ്റ് കാര്‍ഡ് കൈവശം വയ്ക്കുന്നത് ബാങ്ക് വായ്പ ലഭിക്കുന്നതിന് തുല്യമാണ്. വായ്പയ്ക്ക് അപേക്ഷിക്കാനുള്ള യോഗ്യത ബാങ്ക് നിര്‍ണ്ണയിക്കുന്ന രീതിയില്‍ തന്നെയാണ്, കാര്‍ഡ് നല്‍കുന്ന കമ്പനി തങ്ങളുടെ ഉപയോക്താവിന്‍റെ യോഗ്യത കണക്കാക്കുന്നത്. വായ്പ തിരിച്ചടയ്ക്കുന്നതിന് സമാനമായി ക്രെഡിറ്റ് കാര്‍ഡ് ബില്‍ തിരിച്ചടയ്ക്കാനും സാമ്പത്തിക പിന്‍ബലം ഉണ്ടായിരിക്കണം.
2. ഒരു ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുന്നതിന് സാധാരണയായി കുറഞ്ഞ പ്രായം 21 വയസ്സാണ്, പരമാവധി 60 വയസ്സാണ്.
3. ഒരു ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുന്നതിന് ജോലി കിട്ടി് കുറഞ്ഞത് ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ കാത്തിരിക്കുന്നതാണ് നല്ലത്. ഉദാഹരണത്തിന്, 23 ആം വയസ്സില്‍ സമ്പാദിക്കാന്‍ തുടങ്ങിയാല്‍, ആദ്യ ശമ്പളം ലഭിച്ചതിന് ശേഷം ഒരു വര്‍ഷമോ കുറഞ്ഞത,് ആറ് മാസമോ കാത്തിരുന്ന കാര്‍ഡിന് അപേക്ഷിക്കുന്നത് നല്ലതാണ്.
4. ക്രെഡിറ്റ് കാര്‍ഡുകളുടെ യോഗ്യതയും പരിധിയും ഓരോ ബാങ്കിനും വ്യത്യസ്തമാണ്. അതിനാല്‍, കാര്‍ഡിന് അര്‍ഹതയുണ്ടോ ഇല്ലയോ, കാര്‍ഡിന്‍റെ പരമാവധി പരിധി എത്ര എന്നിവ ഒരു ബാങ്കിന് മാത്രമേ തീരുമാനിക്കാന്‍ കഴിയൂ.