Asianet News MalayalamAsianet News Malayalam

Farm laws | കാർഷിക നിയമങ്ങൾ പിൻവലിച്ചത് അദാനി വിൽമറിനടക്കം തിരിച്ചടിയോ?

കേന്ദ്ര സർക്കാർ കാർഷിക നിയമങ്ങൾ പിൻവലിച്ചത് രാജ്യത്തെമ്പാടും വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. വരുന്ന തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ തീരുമാനമെടുത്തത് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. 

Withdrawal of agricultural laws a setback including for Adani Wilmer
Author
India, First Published Nov 21, 2021, 3:23 PM IST

ദില്ലി: കേന്ദ്ര സർക്കാർ കാർഷിക നിയമങ്ങൾ പിൻവലിച്ചത് രാജ്യത്തെമ്പാടും വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. വരുന്ന തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ തീരുമാനമെടുത്തത് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അതേസമയം ഓഹരിവിപണിയിൽ കേന്ദ്രം സ്വീകരിച്ച പുതിയ നിലപാട് എങ്ങനെ പ്രതികരിക്കുമെന്നാണ് ഇനി അറിയാനുള്ളത്.

കേന്ദ്രം പാർലമെന്റിൽ നിയമങ്ങൾ പാസാക്കിയിരുന്നു എങ്കിലും ഇവ പ്രാബല്യത്തിൽ വന്നിരുന്നില്ല. കർഷകർ സമരം ശക്തമാക്കിയതായിരുന്നു കാരണം. എന്നാൽ നിയമങ്ങൾ പിൻവലിച്ചതോടെ കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന വൻകിട കമ്പനികൾക്ക് തിരിച്ചടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ലോജിസ്റ്റിക്സ്, കോൾഡ് ചെയിൻ, അദാനി വിൽമർ പോലുള്ള കാർഷികരംഗത്തെ കമ്പനികൾ, കാർഷികോപകരണ നിർമ്മാതാക്കൾ തുടങ്ങിയ കമ്പനികളുടെ ഓഹരികൾക്ക് മൂല്യത്തിൽ ഇടിവ് ഉണ്ടായേക്കുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം നിയമം പ്രാബല്യത്തിൽ വരാത്തത് വിപണിയിൽ നിറച്ച് ഉദ്വേഗം മുൻകാലത്ത് ഓഹരിവിപണിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടില്ല എന്നാണ് ഒരു വിഭാഗത്തിന്റെ വാദം. അതിനാൽ തന്നെ നിയമം പിൻവലിക്കപെടുമ്പോൾ കാര്യമായ മാറ്റം വിപണിയിൽ ഉണ്ടാകുമെന്നും ഇവർ കരുതുന്നില്ല.

ഉത്തർപ്രദേശ് പഞ്ചാബുമടക്കം നിരവധി സംസ്ഥാനങ്ങൾ 2022-ൽ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ  കാർഷിക നിയമങ്ങൾ പിൻവലിച്ചത്. കേന്ദ്രത്തിൽ ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ പാർട്ടിയെ സംബന്ധിച്ച് ഏറ്റവും കൂടുതൽ ലോക്സഭാ സീറ്റുകൾ ഉള്ള ഉത്തർപ്രദേശിലെ ഭരണം നേടുക പ്രധാനമാണ്. അതിനാൽ തന്നെ ഓഹരി വിപണിയെ ഇപ്പോഴത്തെ കാർഷിക നിയമങ്ങൾ ആവില്ല ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പുഫലമാകും കൂടുതൽ സ്വാധീനിക്കുകയെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

Follow Us:
Download App:
  • android
  • ios