2026-ലെ ഫിഫ ലോകകപ്പ് കാലത്ത് ആഗോള ബിയര്‍ വിപണിയില്‍ വന്‍ കുതിച്ചുചാട്ടം പ്രവചിക്കുന്നു. ജെഫറീസ് റിപ്പോര്‍ട്ട് പ്രകാരം, മത്സരങ്ങളുടെയും ടീമുകളുടെയും എണ്ണം വര്‍ധിച്ചത് കാരണം ഏകദേശം 100 കോടി പൈന്റ് ബിയര്‍ അധികമായി വിറ്റഴിക്കപ്പെടും. ഈ വളര്‍ച്ച ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുക ബാറുകളിലും പബ്ബുകളിലുമായിരിക്കും, പ്രത്യേകിച്ച് പടിഞ്ഞാറൻ യൂറോപ്പിൽ.
ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കെ, മൈതാനത്തെ ആവേശത്തിനൊപ്പം തന്നെ പതഞ്ഞുപൊങ്ങാന്‍ ഒരുങ്ങുകയാണ് ആഗോള ബിയര്‍ വിപണിയും. അമേരിക്കയും മെക്‌സിക്കോയും കാനഡയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലെ ലോകകപ്പ് കാലത്ത് ലോകമെമ്പാടുമായി ഏകദേശം 100 കോടി പൈന്റ് ബിയര്‍ അധികമായി ഒഴുകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതായത്, സാധാരണ ഈ വര്‍ഷം പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ 56.8 കോടി ലിറ്റര്‍ ബിയര്‍ അധികമായി കുടിച്ചുതീര്‍ക്കപ്പെടുമെന്ന് ചുരുക്കം. അമേരിക്കന്‍ നിക്ഷേപ ബാങ്കായ 'ജെഫ്രീസിന്റെ' ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടിലാണ് മദ്യക്കമ്പനികള്‍ക്ക് ആവേശം നല്‍കുന്ന ഈ കണക്കുകളുള്ളത്.
കളി കൂടും, കുടിയും കൂടും!
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണത്തെ ലോകകപ്പ് ബിയര്‍ വിപണിക്ക് വലിയ ലാഭമുണ്ടാക്കാന്‍ ചില പ്രത്യേക കാരണങ്ങളുണ്ട്. 2022-ല്‍ ഖത്തറില്‍ 64 മത്സരങ്ങളായിരുന്നെങ്കില്‍ ഇത്തവണ അത് 104 ആയി ഉയര്‍ന്നു. 32 ടീമുകള്‍ക്ക് പകരം ഇത്തവണ 48 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ടൂര്‍ണമെന്റിന്റെ ആകെ ദിനങ്ങള്‍ 29-ല്‍ നിന്ന് 39 ആയി വര്‍ദ്ധിപ്പിച്ചതും ഇതിന് കാരണമായി വിദഗ്ദർ പറയുന്നു. ചുരുക്കത്തില്‍ കൂടുതല്‍ ദിവസങ്ങള്‍, കൂടുതല്‍ മത്സരങ്ങള്‍, കൂടുതല്‍ കാണികള്‍- ഇതാണ് ബിയര്‍ വിപണിക്ക് തുണയാകുന്നത്. ആഗോളതലത്തില്‍ ഈ വര്‍ഷം പ്രതീക്ഷിക്കുന്ന ബിയര്‍ വില്‍പ്പനയില്‍ 0.3 ശതമാനത്തിന്റെ അധിക വളര്‍ച്ച ലോകകപ്പ് മാത്രം സമ്മാനിക്കുമെന്നും പഠനം പറയുന്നു.
ബാറുകള്‍ നിറയും; വീടുകളില്‍ മാറ്റമില്ല
ലോകകപ്പ് കാലത്ത് ആളുകള്‍ കൂട്ടമായി ഇരുന്ന് കളി കാണുന്ന ബാറുകളിലും പബ്ബുകളിലുമാണ് ബിയര്‍ വില്‍പ്പന കുതിച്ചുയരുന്നത്. എന്നാല്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് ബിയര്‍ വാങ്ങി വീട്ടിലിരുന്ന് കുടിക്കുന്ന ശീലത്തില്‍ വലിയ മാറ്റമൊന്നും റിപ്പോര്‍ട്ട് ചെയ്യുന്നില്ല. പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളിലാകും ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുക. ഫുട്‌ബോള്‍ സംസ്‌കാരം ആഴ്ന്നിറങ്ങിയ ഈ രാജ്യങ്ങളിലെ സമയക്രമം (വൈകുന്നേരം 5 മണി മുതല്‍ 11 മണി വരെ) ബാറുകളിലെ കച്ചവടത്തിന് ഏറെ അനുയോജ്യമാണെന്നതും ഇതിന് കാരണമാണ്.
മുന്‍ ലോകകപ്പുകളിലെ 'ലഹരി'
ലോകകപ്പ് ആവേശം ബിയര്‍ വില്‍പ്പനയെ എങ്ങനെയൊക്കെ സ്വാധീനിച്ചു എന്നതിന് മുന്‍കാല കണക്കുകള്‍ തെളിവാണ്:
2006 (ജര്‍മ്മനി): 3.6% വര്‍ധന
2014 (ബ്രസീല്‍): 4.8% വര്‍ധന
2018 (റഷ്യ): 5.3% വര്‍ധന
2022 (ഖത്തര്‍): 26% (മദ്യനിയന്ത്രണമുള്ള രാജ്യമായതിനാല്‍ വിദേശ സഞ്ചാരികളുടെ വരവോടെയുണ്ടായ അസാധാരണ കുതിച്ചുചാട്ടം).
നിക്ഷേപകര്‍ക്കും ബിയര്‍ കമ്പനികള്‍ക്കും ഈ ലോകകപ്പ് കാലം വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്ന കാര്യത്തിൽ സംശയമില്ല.


