തങ്ങളുടെ ജീവനും ആത്മാവുമായ കമ്പനിയെ തങ്ങള്‍ തന്നെ വളര്‍ത്തി വലുതാക്കുമെന്ന നിശ്ചയദാര്‍ഢ്യമാണ് കാമത്ത് സഹോദരങ്ങള്‍ക്ക്. അതുകൊണ്ടാണ് ആരെയും കൊതിപ്പിക്കുന്ന തുക വേതനമായി വാങ്ങാന്‍ തീരുമാനിച്ചത്.

ദില്ലി: വിപണിയുടെ വലിപ്പത്തില്‍ രാജ്യത്തെ തന്നെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കറേജ് കമ്പനിയാണ് സെറോദ. അതിന്റെ നായകരാകട്ടെ നിതിന്‍ കാമത്ത്, നിഖില്‍ കാമത്ത് എന്നീ സഹോദരങ്ങളാണ്. ഇന്ത്യയിലെ അതിസമ്പന്നരുടെ നിരയില്‍ കടന്നുകയറിയ രണ്ട് ചെറുപ്പക്കാര്‍. ഈയിടെ സെറോദ കമ്പനി ഒരു തീരുമാനമെടുത്തു. കമ്പനിയുടെ സ്ഥാപകരായ കാമത്ത് സഹോദരങ്ങള്‍ക്കും ഹോള്‍ടൈം ഡയറക്ടറായ സീമ പാട്ടീലിനും 100 കോടി രൂപ വീതം ശമ്പളം നല്‍കാനായിരുന്നു തീരുമാനം.

ഇന്ത്യ ഉറ്റുനോക്കുന്ന രണ്ട് യുവരത്‌നങ്ങളാണ് കാമത്ത് സഹോദരങ്ങള്‍. നിലവിലെ കമ്പനിയുടെ സ്ഥിതി വെച്ച് ഓഹരി വിറ്റഴിച്ച് ഇരുവര്‍ക്കും ഉദ്ദേശിക്കുന്നതിലും ഏറെ പണം സമ്പാദിക്കാനാവും. എന്നാല്‍ അത് വേണ്ടെന്ന നിലപാടിലാണ് ഇവര്‍. തങ്ങളുടെ ജീവനും ആത്മാവുമായ കമ്പനിയെ തങ്ങള്‍ തന്നെ വളര്‍ത്തി വലുതാക്കുമെന്ന നിശ്ചയദാര്‍ഢ്യമാണ് കാമത്ത് സഹോദരങ്ങള്‍ക്ക്. അതുകൊണ്ടാണ് ആരെയും കൊതിപ്പിക്കുന്ന തുക വേതനമായി വാങ്ങാന്‍ തീരുമാനിച്ചത്.

2010ല്‍ ആരംഭിച്ചതാണ് സെറോദ കമ്പനി. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഓണ്‍ലൈന്‍ ബ്രോക്കറേജ് സ്ഥാപനമായിരുന്നു. കമ്പനി തുടങ്ങിയ ശേഷം കൈയ്യില്‍ അവശേഷിച്ച കുറഞ്ഞ തുക ഓഹരി വിപണിയില്‍ നിക്ഷേപിച്ച് ഇരുവരും മുന്നോട്ട് പോയി. പത്ത് വര്‍ഷത്തിനിപ്പുറം ഇന്ത്യയിലെ യുവാക്കളുടെ പ്രതിനിധികളെന്നോണം ലോകം ഉറ്റുനോക്കുന്ന തരത്തില്‍ വളരാന്‍ ഇരുവര്‍ക്കും കഴിഞ്ഞു. 2020 ല്‍ 20 ലക്ഷം ഉപഭോക്താക്കള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ സെറോദയുടെ ഉപഭോക്താക്കളുടെ എണ്ണം 60 ലക്ഷമാണ്.

സെറോദയിലെ ജീവനക്കാരില്‍ നിന്ന് 150 കോടി മുതല്‍ 200 കോടി വരെ വരുന്ന ഓഹരികള്‍ തിരിച്ച് വാങ്ങാനുള്ള അവസരം ഈ വര്‍ഷം ജൂലൈ-ഓഗസ്റ്റ് കാലത്ത് അവതരിപ്പിക്കാനാണ് കാമത്ത് സഹോദരങ്ങളുടെ ശ്രമം. നിലവില്‍ കമ്പനിയിലെ ജീവനക്കാരായ 85 ശതമാനം പേര്‍ക്ക് ഈ അവസരം ലഭിക്കും. ജീവനക്കാരുടെ പക്കലുള്ളതിലെ 33 ശതമാനം ഓഹരി തിരികെ വാങ്ങാനാണ് ശ്രമം. 2021 മാര്‍ച്ച് അവസാനമായപ്പോള്‍ കമ്പനിക്ക് ആയിരം കോടിയാണ് ലാഭം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona