Asianet News MalayalamAsianet News Malayalam

ഓപ്പറേഷൻ ബ്രോക്കണ്‍ വിൻഡോ: അക്രമം തടയാൻ കർമ്മപദ്ധതി

സംസ്ഥാനത്തെ ക്രമസമാധാന നില കൂടുതൽ വഷളാകാതിരിക്കാനാണ് ഡിജിപിയുടെ മേൽനോട്ടത്തിൽ പ്രത്യേക ഓപ്പറേഷൻ. അക്രമികളെ അറസ്റ്റു ചെയ്യാനും കരുതൽ നടപടി സ്വീകരിക്കാനും ഓരോ ജില്ലയിലും പ്രത്യേക സംഘങ്ങളെ എസ്പിമാരുടെ കീഴിൽ രൂപീകരിക്കും

'Operation Broken Window' to curb criminal activities
Author
Kerala, First Published Jan 4, 2019, 6:35 AM IST

തിരുവനന്തപുരം: ശബരിമല യുവതി ദർശനത്തിന് പിന്നാലെ സംസ്ഥാനത്തുണ്ടായ അക്രമങ്ങള്‍ അന്വേഷിക്കാൻ പ്രത്യേക പദ്ധതിയുമായി പൊലീസ്. ഓപ്പറേഷൻ ബ്രോക്കണ്‍ വിൻഡോ എന്ന പേരിലാണ് പദ്ധതി. ശബരിമല യുവതി പ്രവേശനത്തിന് ശേഷം സംസ്ഥാനത്താകെ വ്യാപകമായ അക്രമങ്ങളാണ് ഉണ്ടായത്. പൊതുമുതലുകള്‍ നശിപ്പിക്കപ്പെട്ടു. സമൂഹമാധ്യമങ്ങള്‍ വഴി മതവികാരം വ്രണപ്പെടുത്തുന്ന രീതിലുള്ള പ്രചരണങ്ങളും തുടങ്ങി. 

സംസ്ഥാനത്തെ ക്രമസമാധാന നില കൂടുതൽ വഷളാകാതിരിക്കാനാണ് ഡിജിപിയുടെ മേൽനോട്ടത്തിൽ പ്രത്യേക ഓപ്പറേഷൻ. അക്രമികളെ അറസ്റ്റു ചെയ്യാനും കരുതൽ നടപടി സ്വീകരിക്കാനും ഓരോ ജില്ലയിലും പ്രത്യേക സംഘങ്ങളെ എസ്പിമാരുടെ കീഴിൽ രൂപീകരിക്കും. അക്രമികളുടെ വിവരങ്ങള്‍ ഇന്‍റലിജന്‍സ് തയ്യാറാക്കും, കുറ്റക്കാരുടെ ഫോട്ടോ പതിച്ച ഡേറ്റാ ആൽബം തയ്യാറാക്കുകയും ചെയ്യും. 

അക്രമികളുടെ ഫോണ്‍ പിടിച്ചെടുക്കുകയും ആയുധ ശേഖരമുണ്ടോയെന്ന് അറിയാനായി വീടുകളിൽ പരിശോധന നടത്തുകയും വേണമെന്നാണ് ഡിജിപിയുടെ നിർദ്ദേശം.മാധ്യമപ്രവർത്തകരെ ആക്രമിച്ച കേസുകള്‍ പ്രത്യേക സംഘം ഗൗരവമായി അന്വേഷിക്കും. സമൂഹമാധ്യമങ്ങള്‍ വഴി തെറ്റായ പ്രചാരണം നടത്തുന്നവർക്കതിരെ കേസെടുക്കും. 

അക്രമസംഭവങ്ങളുടെ പശ്ചാലത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കമുള്ള സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. അതിനിടെ ബേക്കറി ജംഗഷനിൽ വച്ച് കരിങ്കൊടികാണിക്കാൻ ശ്രമിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹമനമിടിച്ച് നാല് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു.

അതേ സമയം മന്ത്രിമാരുടെ സുരക്ഷാ സംവിധാനങ്ങള്‍ ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്നും, വാഹനവ്യൂഹം തടയുന്നത് ഗുരുതര കുറ്റകൃത്യമായി കണക്കാക്കുമെന്നും ഡിജിപി അറിയിച്ചു.

Follow Us:
Download App:
  • android
  • ios