ഇന്ന് രാവിലെ ജിദ്ദയിലും പരിസരപ്രദേശങ്ങളിലും നല്ല മഴ ലഭിച്ചു. വെള്ളത്തില്‍ പെട്ട പല വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പല സ്ഥലത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ചില റോഡുകളും തുരങ്കങ്ങളും താല്‍ക്കാലികമായി അടച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ജിദ്ദാ-മക്ക ഹൈവേയില്‍ പല ഭാഗത്തും വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളം കയറിയ കെട്ടിടങ്ങളില്‍ നിന്നും ചില തൊഴിലാളികളെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. അതിനു പുറമേ അമ്പതോളം പേരെ പല ഭാഗങ്ങളില്‍ നിന്നായി രക്ഷപ്പെടുത്തി. പാലത്തിന്റെ അടിപ്പാതയില്‍ വെള്ളത്തില്‍ കുടുങ്ങിയ വാഹനങ്ങളില്‍ ഉള്ളവരെയും സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി.. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും റോഡുകളിലെ വെള്ളം ഒഴിവാക്കാനും സിവില്‍ ഡിഫന്‍സും ട്രാഫിക് വിഭാഗവുമെല്ലാം രംഗത്തുണ്ട്. 

പുറത്തിറങ്ങുമ്പോള്‍ സൂക്ഷിക്കണമെന്നും വെള്ളം കെട്ടി നില്‍ക്കുന്ന വഴികളിലൂടെ നടക്കരുതെന്നും സിവില്‍ ഡിഫന്‍സ് ജനങ്ങളോട് നിര്‍ദേശിച്ചു. ബീച്ചുകളില്‍ നിന്ന് അകന്നു നില്‍ക്കണമെന്നും പരസ്യ ബോര്‍ഡുകളുടെയും ഇലക്ട്രിക് പോസ്റ്റുകളുടെയും താഴെ നില്‍ക്കരുതെന്നും സിവില്‍ ഡിഫന്‍സ് മക്ക പ്രവിശ്യ വക്താവ് സഈദ് സര്‍ഹാന്‍ നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പെയ്ത മഴയിലും അതോടനുബന്ധിച്ചുണ്ടായ അപകടങ്ങളിലും പത്ത് പേര്‍ മരണപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. റിയാദ്, മക്ക, ജിസാന്‍, അല്‍ ബാഹ, തബൂക്, ദമാം, അസീര്‍, ബിഷ, ഖുന്ഫുദ, ബുറൈദ  തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മഴ ലഭിച്ചു. പല വീടുകളും കൃഷിയിടങ്ങളും മഴയില്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പല ഭാഗത്തും വാഹനാപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തു.