തിരുവനന്തപുരം: ലക്ഷകണക്കിന് ജീവനുകള്‍ രക്ഷിച്ച 108 ആംബുലന്‍സുകള്‍ നാശത്തിന്റെ വക്കില്‍. തിരുവനന്തപുരം ജില്ലയില്‍ സര്‍വീസ് നടത്തിയിരുന്ന ഇരുപത്തഞ്ച് 108 ആംബുലന്‍സുകളില്‍ ഏഴെണ്ണം ഇപ്പോള്‍ കട്ടപ്പുറത്താണ്. നിലവില്‍ സര്‍വീസ് നടത്തുന്നവയില്‍ പലതും മൂന്ന് ലക്ഷം കിലോമീറ്റര്‍ ഓടി കാലപ്പഴക്കം കാരണം നിരത്തില്‍ നിന്നും പിന്‍വലിക്കേണ്ടവയുമാണ്. മോട്ടോര്‍ വാഹനവകുപ്പിന്റെ ഒത്താശയില്‍യോഗ്യതയില്ലാത്ത ആംബുലന്‍സുകള്‍ക്ക് പോലും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായി ആരോപണം ഉയര്‍ന്നിരിക്കുകയാണ്. 

108 ആംബുലന്‍സ് സര്‍വീസ് സംസ്ഥാന വ്യാപകമായി ആരംഭിക്കുമെന്ന് മാറിവന്ന സര്‍ക്കാരുകള്‍ പറഞ്ഞെങ്കിലും അതിനെ അട്ടിമറിച്ചു സംസ്ഥാന വ്യാപകമായി 'ട്രോമ കെയര്‍' എന്ന പുതിയ പ്രോജക്ട് ആരംഭിച്ചിരിക്കുകയാണ്. ഇതോടെ 108 ആംബുലന്‍സ് സര്‍വീസ് ക്രമേണ നിലയ്ക്കുമെന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.അത്യഹിതങ്ങളില്‍പെടുന്ന രോഗികള്‍ക്ക് അടിയന്തിര വൈദ്യ സഹായത്തിനായി 108 ആംബുലന്‍സിന്നുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങള്‍ കൃത്യമായി അറ്റകുറ്റപണികള്‍ ചെയ്യാത്തതിനാല്‍ നശിച്ചു. ഐ.സി.യു സംവിധാനമുള്ളപല 108 ആംബുലന്‍സുകളിലും ഇപ്പോള്‍ വെറും ഓക്‌സിജന്‍ സംവിധാനം മാത്രമാണ് ലഭ്യമായത്. 2010 ല്‍ വി.എസ് മന്ത്രിസഭയാണ് രാജ്യവാപകമായി ആവിഷ്‌കരിച്ച 108 ആംബുലന്‍സ് സര്‍വീസ് കേരളത്തില്‍ കൊണ്ടുവന്നത്. പൈലറ്റ് പ്രോജക്റ്റ് ആയി തിരുവനന്തപുരത്താണ് പദ്ധതി ആവിഷ്‌കരിച്ചത്. വിജയം കണ്ടതിനെ തുടര്‍ന്ന്, ആലപ്പുഴ ജില്ലയിലേക്കും പദ്ധതി വ്യാപിപ്പിച്ചു. അന്ന് വയലാര്‍ രവിയുടെ മകന്‍ ഷാഫി മേത്തറുടെ കൂടി പങ്കാളിത്തമുള്ള സികിട്‌സ ലൈഫ് കെയര്‍ എന്ന കമ്പനിക്കായിരുന്നു 108 ആംബുലന്‍സിന്റെ നടത്തിപ്പ് ചുമതല. പ്രവര്‍ത്തനം ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 108 ആംബുലന്‍സ് സര്‍വീസ് ജനപ്രീതി നേടി. എന്നാല്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന്, സികിട്‌സ ലൈഫ് കെയര്‍ കമ്പനിയുടെ കരാര്‍ സര്‍ക്കാര്‍ പിന്‍വലിച്ചു.

പിന്നീട്, തമിഴ്‌നാട്ടില്‍ ഉള്‍പ്പടെ 108 സര്‍വീസിന് മേല്‍നോട്ടം വഹിക്കുന്ന ജീ.വി.കെ ഈ.എം.ആര്‍.ഐ എന്ന കമ്പനി കേരളത്തിലെ സര്‍വീസ് ഏറ്റെടുത്തു. ഇതിനിടെ, ആംബുലന്‍സുകളുടെ ഫിറ്റ്‌നസ് ടെസ്റ്റ് പാസ് ആകുന്നതില്‍ ഉള്‍പ്പടെ കമ്പനി ക്രമക്കേട് കാണിക്കുന്നു എന്ന ആരോപണം ഉയര്‍ന്നു വന്നു. കമ്പനിയുടെ കാരാര്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പല തവണ ടെണ്ടര്‍ വിളിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന്, 2015 ജൂലൈയില്‍ തിരുവനന്തപുരം ആലപ്പുഴ ജില്ലകളിലെ പദ്ധതി നടത്തിപ്പ് ചുമതല ആരോഗ്യവകുപ്പ് ഏറ്റെടുത്തു. ആംബുലന്‍സ് പൈലറ്റ്(ഡ്രൈവര്‍), എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍(നേഴ്‌സ്)എന്നിവരെ ദേശിയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ ദിവസവേദന അടിസ്ഥാനത്തിലും തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ 108 ആംബുലന്‍സ് സര്‍വീസ് കണ്ട്രോള്‍ റൂമിലെ ജീവനക്കാരെ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ കീഴിലും കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചു. കൊച്ചുവേളിയിലുള്ള ഫോഴ്‌സ് കമ്പനിയുടെ ഒരേയൊരു വര്‍ക്ക്‌ഷോപ്പിലാണ് തിരുവനന്തപുരത്തെ 108 ആംബുലന്‍സുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. ഒരു വര്‍ക്ക്‌ഷോപ്പിനെ മാത്രം ആശ്രയിച്ചു അറ്റകുറ്റ പണികള്‍ നടത്തുന്നതിനാല്‍ നിസാര പണികള്‍ക്കായി പോലും ദിവസങ്ങള്‍ എടുക്കുന്നവെന്നാണ് ആക്ഷേപം. ഓരോ വര്‍ഷം കൂടുംതോറുമുള്ള ഫിറ്റ്‌നസ് ടെസ്റ്റിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന്, വര്‍ക്ക്‌ഷോപ്പില്‍ കയറിയ ആംബുലന്‍സുകള്‍ പലതും മാസങ്ങളായി ഒതുക്കിയിട്ട നിലയിലാണ്.

അറ്റകുറ്റ പണികള്‍ കഴിഞ്ഞു ഫിറ്റ്‌നസ് ടെസ്റ്റിനായി കൊണ്ടു പോകുന്ന ആംബുലന്‍സുകള്‍ പലതും നിരത്തില്‍ ഓടാന്‍ പോലും പറ്റാത്തവയാണെന്നും ആരോപണമുണ്ട്. പാവപ്പെട്ടവരുടെ വാഹനങ്ങള്‍ വെറും നിസാര സ്റ്റിക്കറുകളുടെ കാരണം പറഞ്ഞു ഫിറ്റ്‌നസ് ടെസ്റ്റ് പാജയപ്പെടുത്തുന്ന തിരുവനന്തപുരം ആര്‍.ടി.ഒയിലെ ഉദ്യോഗസ്ഥര്‍ ആ ജനങ്ങളുടെ മുന്നില്‍ വെച്ചു തന്നെയാണ് ലൈറ്റും സ്റ്റികറുകളും പോലുമില്ലാത്ത പല 108 ആംബുലന്‍സുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. കമ്പ്യൂട്ടര്‍ പരിശോധനയില്‍ പരാജയപ്പെടുന്ന ആംബുലന്‍സുകള്‍ പലതും പിന്നീട് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കാരസ്ഥമാക്കിയതായി ആരോപണമുണ്ട്. ഫിറ്റ്‌നസ് ടെസ്റ്റ് പാസാകുന്ന വാഹനങ്ങള്‍ വഴിയിലാകുന്നത് നിത്യ സംഭവമാണെന്ന് പറയുന്നു. പണ്ട് 108 നടത്തിപ്പ് കമ്പനിക്കായിരുന്ന സമയത്തും ഇത്തരം ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് അന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇടപ്പെട്ട് ഫിറ്റ്‌നസ് ടെസ്റ്റ് പാസായ ആംബുലന്‍സുകള്‍ വീണ്ടും പരിശോധന നടത്താന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനകളില്‍ നിരത്തില്‍ ഓടിക്കൊണ്ടിരുന്ന മിക്ക ആംബുലന്‍സുകള്‍ക്കും ഫിറ്റ്‌നസ് ഇല്ലെന്നും അറ്റകുറ്റപ്പണികള്‍ നടത്തി ബോധിപ്പിച്ച ശേഷം മാത്രം സര്‍വീസ് നടത്തിയാല്‍ മതിയെന്നും ഉത്തരവിട്ടിരുന്നു.

ആംബുലന്‍സുകള്‍ വര്‍ക്ക്‌ഷോപ്പില്‍ ആയാല്‍ ദിവസവേദനക്കാരായ ജീവനകാര്‍ക്ക് ശമ്പളം ലഭിക്കില്ല. വര്‍ക്ക്‌ഷോപ്പിലുള്ള ആംബുലന്‍സുകള്‍ക്ക് പകരം സംവിധാനം ഒരുക്കാനും അധികൃതരുടെ ഭാഗത്ത് നിന്നും നടപടികള്‍ ഉണ്ടാക്കുനില്ല. മിക്ക ആംബുലന്‍സുകളിലെയും ജീവന്‍ രക്ഷാ ഉപകരണങ്ങളായ ഡീഫിബിലേറ്റര്‍, വെന്റ്‌റിലേറ്റര്‍ പോലുള്ളവ സര്‍വീസ് പ്രവര്‍ത്തിക്കുന്നില്ല. 12 മണികൂര്‍ ജോലി സമയമുള്ള ആംബുലന്‍സ് ജീവനകാര്‍ക്ക് എട്ടു മണികൂര്‍ ജോലി സമയമുള്ള ജീവനക്കാരുടെ ശമ്പളം ആണ് നല്‍കുന്നതെന്നും പരാതിയുണ്ട്. എന്നാല്‍ കണ്ട്രോള്‍ റൂമിലെ ജീവനകാര്‍ക്ക് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ തസ്തികക്ക് അനുസരിച്ചുള്ള കൃത്യമായ വേദനവും നല്‍കുന്നു. പലപ്പോഴും സര്‍വീസിന്റെ നല്ല നടത്തിപ്പിനായി ജീവനക്കാരും തൊഴിലാളി യൂണിയനുകളും ആരോഗ്യവകുപ്പ് മന്ത്രി ഉള്‍പ്പടെയുള്ളവരെ കണ്ടു നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. 108 ആംബുലന്‍സ് സര്‍വീസ് സംസ്ഥാന വ്യാപകമാക്കാനുള്ള ആവശ്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ നിന്ന് ഉയരുന്നതിനിടയിലാണ് ട്രോമ കെയര്‍ എന്ന പുതിയ പദ്ധതിയുമായി പിണറായി സര്‍ക്കാര്‍ രംഗത്തു എത്തിയിരിക്കുന്നത്. ഉന്നതങ്ങളില്‍ നിന്നു ചിലര്‍ 108 ആംബുലന്‍സ് സര്‍വീസ് നഷ്ടമാണെന്നത് അടക്കമുള്ള കണക്കുകള്‍ നിരത്തി സര്‍വീസ് ഇല്ലായ്മ ചെയ്യുകയും അതിന്റെ മറവില്‍ ട്രോമ കെയര്‍ പദ്ധതി നടപ്പിലാക്കി വന്‍ അഴിമതിക്കുള്ള കളമാണ് ഒരുങ്ങുന്നതെന്നും ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്. ഓഖി ദുരന്ത സമയത്ത് പോലും തീരദേശങ്ങളില്‍ ഇടവിടാതെ സേവനം നടത്തിയ പന്ത്രണ്ടോളം 108 ആംബുലന്‍സുകളും അതിലെ ജീവനക്കാരും പ്രശംസ പിടിച്ചു പറ്റിയിരുന്നു. ജീവനക്കാര്‍ക്ക് നേരെയുള്ള അവഗണന വര്‍ധിച്ചുവരുന്നതായി ആരോപണമുണ്ട്. ഇത് ചോദ്യം ചെയ്യുന്നവരെ എന്തെങ്കിലും കാരണങ്ങള്‍ പറഞ്ഞു ജോലിയില്‍ നിന്നും മാറി നില്‍ക്കാന്‍ അറിയിക്കുകയോ അല്ലെങ്കില്‍ പിരിച്ചു വിടുകയോ ചെയ്യുന്ന സാഹചര്യമാണ് നിലവിലെന്ന് ജീവനക്കാര്‍ പറയുന്നു.