ജയ്പുര്‍: രാജസ്ഥാനിൽ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 32 ആയി. ഏഴു പേർക്ക് ഗുരുതരമായി പരിക്കേറ്റു. അമിതവേഗത അപകടത്തിനു കാരണമായെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

50 യാത്രക്കാരുമായി രാജസ്ഥാനിലെ ലാൽസോതിൽ നിന്ന് സവായ് മധോപൂരിലേക്ക് പോയ ബസാണ് രാവിലെ ഒമ്പത് മണിയോടെ അപകടത്തിൽപ്പെട്ടത്. സവായ് മധോപൂരിന് 65 കിലോമീറ്റർ അകലെ ദുബി പാലത്തിൽ നിന്നാണ് ബസ് നദിയിലേക്ക് മറിഞ്ഞത്. അപകടമുണ്ടായഉടൻ നാട്ടുകാരാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. പരിക്കേറ്റവരെ സവായ് മധോപൂ‍ർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതവേഗത്തിലെത്തിയ ബസ് പാലത്തിന്‍റെ കൈവരികൾ തകർത്ത് നദിയിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു. ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 

ഉത്തർപ്രദേശ്, മധ്യപ്രദേശ്, അസം എന്നിവിടങ്ങളിൽ നിന്നും രാജസ്ഥാനിലെ മലർനാ ചൗർ ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടകർ ബസ്സിലുണ്ടായിരുന്നു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ പ്രത്യേക സംഘത്തെ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധരാ രാജ സിന്ധ്യ നിയോഗിച്ചു. പ്രത്യേക കൺട്രോൾ റൂമുകൾ സവായ് മധോപൂ‍ർ കളക്ടറേറ്റിൽ തുറന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർ അപകടത്തിൽ ദുഖം രേഖപ്പെടുത്തി.