തൃശൂര്‍: ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാര്‍ഡ്‌സിലും, യൂണിവേഴ്‌സല്‍ റിക്കാര്‍ഡ് ഫോറത്തിലും ഇടംനേടി തൃശൂരില്‍ അമ്മമാരുടെ മെഗാ മാര്‍ഗംകളി. തൃശൂര്‍ അതിരൂപത മാതൃവേദി അംഗങ്ങളായ 1200 അമ്മമാരാണ് തൃശൂര്‍ ലൂര്‍ദ് കത്തീഡ്രല്‍ അങ്കണത്തില്‍ മെഗാ മാര്‍ഗംകളിയില്‍ അണിനിരന്നത്. ഇരിങ്ങാലക്കുട രൂപതയിലെ തെക്കന്‍ താണിശേരി ഇടവകാംഗങ്ങളായ 646 അമ്മമാര്‍ അണിനിരന്ന മാര്‍ഗംകളി റിക്കാര്‍ഡാണ് ഭേദിക്കപ്പെട്ടത്.
കളി 11 മിനിറ്റ് നീണ്ടുനിന്നു. ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാര്‍ഡ്‌സ് അസോസിയേറ്റ് എഡിറ്റര്‍ സ്മിത തോമസിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നിന്നുള്ള ആറംഗ പ്രതിനിധി സംഘമാണ് റിക്കാര്‍ഡ് ശ്രമം പരിശോധിക്കാനെത്തിയത്. റിക്കാര്‍ഡ് ഭേദിച്ചതായി പ്രഖ്യാപിച്ചുകൊണ്ടുള്ള ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാര്‍ഡ്‌സിന്റെ ഫലകം സ്മിത തോമസില്‍നിന്നും മാതൃവേദി ഡയറക്ടര്‍ ഫാ. ഡെന്നി താണിക്കല്‍ ഏറ്റുവാങ്ങി.
തൃശൂര്‍ അതിരൂപതയില്‍ മാതൃവേദി സ്ഥാപിതമായതിന്റെ വജ്രജൂബിലി വര്‍ഷ സമാപനാഘോഷത്തോടനുബന്ധിച്ചാണ് മെഗാ മാര്‍ഗംകളി സംഘടിപ്പിച്ചത്. അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. മാതൃവേദി അസി. ഡയറക്ടര്‍ അല്‍ജോ കരേരക്കാട്ടില്‍, ഭാരവാഹികളായ ബീന ജോഷി, മേഴ്‌സി വര്‍ഗീസ്, ജൂലി ബാബു, ഷെജി നിക്‌സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
