മലപ്പുറം: നിയമപരമായി നിരോധിക്കപ്പെട്ടെങ്കിലും സംസ്ഥാനത്ത് പലഭാഗത്തും ബാലവിവാഹങ്ങള്‍ ഇന്നും സജീവമാണ്. 2016-മുതല്‍ 2017 മാര്‍ച്ച് വരെ മലപ്പുറം ജില്ലയില്‍ മാത്രം 125 ബാല വിവാഹങ്ങളാണ് അധികൃതകര്‍ തടഞ്ഞത്. ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വിവാഹമോചന, ഗാര്‍ഹിക പീഡനക്കേസുകളില്‍ പലതിന്റേയും പ്രധാന കാരണങ്ങളിലൊന്ന് പ്രായപൂര്‍ത്തിയാകും മുന്‍പുളള വിവാഹമാണെന്നാണ് വിലയിരുത്തല്‍.

മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടില്‍ ഒമ്പത് ബാല വിവാഹങ്ങള്‍ കോടതി ഇടപെട്ട് തടഞ്ഞതിന്റെ പിറ്റേന്നാണ് അവളെ കണ്ടത്. ഇന്നായിരുന്നെങ്കില്‍ എനിക്കും ഇതുപോലെ രക്ഷപ്പെടാമായിരുന്നു. പതിനഞ്ച് വയസ്സില്‍ വിവാഹിതയായ അവള്‍ പറഞ്ഞു. ഇന്നവള്‍ക്ക് പ്രായം 29. മൂന്ന് മക്കള്‍. ആറ് കൊല്ലം മുന്‍പ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു.
വിവാഹം കഴിഞ്ഞ കാലം മുതലേ തുടങ്ങിയതാണ് മയക്കുമരുന്നിന് അടിമയായ ഭര്‍ത്താവിന്റെ ക്രൂരമായ ശാരീരിക മാനസിക പീഡനങ്ങള്‍. ഗര്‍ഭകാലത്ത് ഭര്‍ത്താവ് വയറ്റില്‍ ചവിട്ടിയതിനാല്‍ രണ്ടാമത്തെ കുഞ്ഞ് പിറന്നത് വൈകല്യങ്ങളോടെ. ഗാര്‍ഹിക പീഡനക്കേസും കുട്ടികള്‍ക്ക് ജീവനാശംത്തിനായി നല്‍കിയ കേസും ചുവപ്പുനാടയുടെ കുരുക്കിലാണ്.
ഭര്‍ത്താവ് രണ്ടാം വിവാഹം ചെയ്ത് വിദേശത്തേക്ക് കടന്നു. എട്ടാംക്ലാസ് വിദ്യാഭ്യാസം മാത്രമുളള അവളോ ഇപ്പോള്‍ നിത്യച്ചെലവിനു പോലും വകയല്ലാതെ കണ്ണീരു കുടിക്കുന്നു. സ്കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാകാതെ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന സ്‌ത്രീകളില്‍ പലരുടേയും സ്ഥിതി ഇതാണ്. പറക്കമുറ്റാത്ത പ്രായത്തില്‍ ആരുടേയോ തീരുമാനങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കേണ്ടി വരുന്ന ഇവരെപ്പോലുളളവര്‍രക്ക് ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ദുരിതങ്ങള്‍ മാത്രം ബാക്കി.
