ദില്ലി: വിഐപി വിമാനങ്ങള്‍ക്കായി ദില്ലി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്നലെ തിരിച്ച് വിട്ടത് 13 വിമാനങ്ങള്‍. വിഐപികളുടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഒന്നിച്ചെത്തിയതാണ് ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിക്കും തിരക്കും സൃഷ്ടിച്ചത്. പല വിമാനങ്ങളും ഒരു മണിക്കൂറിലേറെ താമസിച്ചാണ് വിമാനത്താവളത്തിലെത്തിയത്. വിവിധ വിമാനക്കമ്പനികളും വിമാന സര്‍വ്വീസിലുണ്ടാകുന്ന താമസത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഒരു ദിവസം 1200 വിമാനങ്ങള്‍ വരെ സര്‍വ്വീസ് നടത്തുന്ന ദില്ലി വിമാനത്താവളത്തിലുണ്ടായ തിരക്കില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. വിമാനങ്ങൾക്കു സുരക്ഷിതമായി ഇറങ്ങാനും പാർക്ക് ചെയ്യാനുമുള്ള സൗകര്യത്തിനായാണു നടപടിയെന്നു വിമാനത്താവള അധികൃതർ വിശദീകരിച്ചു.