88 സാക്ഷികൾ, അഞ്ച് ഭാഷകളിലായി 15,800 സാക്ഷിമൊഴികൾ, അനുബന്ധ രേഖകൾ.. എല്ലാം കൂടി പതിനഞ്ച് ട്രങ്ക് പെട്ടി നിറയെ രേഖകളാണ് കോടതിക്ക് പരിഗണിക്കാനുള്ളത്.

ദില്ലി: അയോദ്ധ്യ ഭൂമിതർക്ക കേസ് ഇന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് പരിഗണിച്ചത് വാദം കേൾക്കുന്നതിന്‍റെ തീയതി തീരുമാനിക്കാൻ മാത്രമായിരുന്നു. എന്നാൽ അതിനിടയിലാണ് സുന്നി വഖഫ് ബോർഡ് അഭിഭാഷകനായ രാജീവ് ധവാൻ ജസ്റ്റിസ് യു യു ലളിതിന് എതിരായ പരാമർശം നടത്തിയത്. തുടർന്ന് ജസ്റ്റിസ് യു യു ലളിത് കേസ് കേൾക്കുന്നതിൽ നിന്ന് പിന്മാറാൻ സന്നദ്ധത അറിയിക്കുകയും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ബഞ്ച് പുനഃസംഘടിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു.

ഇന്ന് തന്നെ വിശദമായ വാദം തുടങ്ങാൻ തയ്യാറാണെന്ന് രാജീവ് ധവാൻ കോടതി തുടങ്ങിയപ്പോൾ തന്നെ അറിയിച്ചിരുന്നു. എന്നാൽ ഇന്ന് വാദം കേൾക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ തീരുമാനിച്ചതാണെന്ന് ചീഫ് ജസ്റ്റിസ് അപ്പോൾ തന്നെ മറുപടി നൽകി. ജനുവരി 29ന് വാദം തുടങ്ങാൻ കോടതി തീരുമാനിച്ചെങ്കിലും അതിനുമുമ്പ് ചെയ്തു തീർക്കേണ്ട നടപടിക്രമങ്ങൾ ചില്ലറയല്ല. പതിറ്റാണ്ടുകൾ പഴക്കമുള്ള കേസിൽ പതിനായിരക്കണക്കിന് രേഖകളാണ് അന്തിമവാദം തുടങ്ങുംമുമ്പ് തരംതിരിച്ച് പരിഭാഷപ്പെടുത്തി തയ്യാറാക്കേണ്ടത്.

88 സാക്ഷികൾ, അഞ്ച് ഭാഷകളിലായി 15,800 സാക്ഷിമൊഴികൾ, അനുബന്ധ രേഖകൾ.. എല്ലാം കൂടി പതിനഞ്ച് ട്രങ്ക് പെട്ടി നിറയെ രേഖകളാണ് കോടതിക്ക് പരിഗണിക്കാനുള്ളത്. അറബിക്, പേർഷ്യൻ, സംസ്കൃതം, ഗുരുമുഖി, ഹിന്ദി ഭാഷകളിലാണ് ഈ രേഖകൾ. ഇതെല്ലാം കോടതി വ്യവഹാരത്തിനായി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തണം. പരിഭാഷ സംബന്ധിച്ച് തർക്കങ്ങൾ നിലനിൽക്കുന്നതുകൊണ്ട് രേഖകൾ രജിസ്ട്രി നേരിട്ട് പരിശോധിച്ച് ജനുവരി 29ന് മുമ്പ് റിപ്പോർട്ട് നൽകണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നിർദ്ദേശിച്ചു. പരിഭാഷ നടത്താനായി ഔദ്യോഗിക പരിഭാഷകനേയും സുപ്രീം കോടതി ചുമതലപ്പെടുത്തി. പരിഭാഷ പൂർത്തിയായതിന് ശേഷം അവ പരിശോധിച്ച് രജിസ്ട്രി നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും അയോദ്ധ്യ കേസിലെ അന്തിമ വാദത്തിന്‍റെ തീയതി സുപ്രീം കോടതി നിശ്ചയിക്കുക.

അയോധ്യയിലെ തർക്കഭൂമി മൂന്നായി വിഭജിച്ചുള്ള അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാഡ, രാംലല്ല എന്നിവർ നൽകിയ ഹർജികളാണ് കോടതി പരിഗണിക്കുന്നത്. അയോദ്ധ്യയിലെ 2.27ഏക്കർ തർക്ക ഭൂമി ഹിന്ദുക്കൾക്കും മുസ്ലീംങ്ങൾക്കും നിർമ്മോഹി അഖാഡയ്ക്കും തുല്യമായി വിഭജിച്ച് നൽകണം എന്നായിരുന്നു 2010ൽ അലഹബാദ് ഹൈക്കോടതി വിധി.