ലാഹോര്‍: പതിനഞ്ചുകാരന്‍റെ ലൈംഗിക അവയവം കാമുകിയുടെ വീട്ടുകാര്‍ മുറിച്ച് കളഞ്ഞതായി ആരോപണം. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പതിനഞ്ച് വയസുകാരനെയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തട്ടികൊണ്ടു പോയി ലൈംഗികാവയവം മുറിച്ച് കളയുകയും കാഴ്ച ശക്തി ഇല്ലാതാക്കുകയും ചെയ്തത്. കുട്ടിയുടെ ബന്ധുക്കള്‍ പെണ്‍കുട്ടിയുടെ വീട്ടിന് മുന്നില്‍ സമരം തുടങ്ങിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിയുടെ വീട്ടിന് മുന്നില്‍ ആണ്‍കുട്ടിയുടെ ബന്ധുക്കള്‍ സമരം തുടങ്ങിയത്.
ലാഹോറിലെ റായിവിന്‍റ് പ്രദേശത്താണ് ആണ്‍കുട്ടിയുടെ വീട്. പെണ്‍കുട്ടിയുമായി വഴിവിട്ട ബന്ധങ്ങള്‍ ആണ്‍കുട്ടി പുലര്‍ത്തുന്നു എന്ന് ആരോപിച്ചാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടികൊണ്ടുപോയത്. സ്കൂളില്‍ നിന്നാണ് തട്ടികൊണ്ടു പോയത്. തുടര്‍ന്ന് രവി നദിക്ക് അടുത്തുള്ള വിജനമായ സ്ഥലത്ത് എത്തിച്ച് ലൈംഗിക അവയവം അറത്ത് കളയുകയും. കണ്ണുകള്‍ കുത്തിപൊട്ടിക്കുകയുമായിരുന്നു.
ആണ്‍കുട്ടിയെ അവിടെ ഉപേക്ഷിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കടന്നുകളഞ്ഞു. പിന്നീട് ആണ്‍കുട്ടിയെ കണ്ടെത്തിയ വഴിപോക്കര്‍ അവനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഒരു മാസത്തിന് ശേഷവും ആണ്‍കുട്ടി തീവ്രപരിചരണ വിഭാഗത്തിലാണ്. പോലീസ് സംഭവത്തില്‍ എഫ്ഐആര്‍ ഇട്ടിട്ടുണ്ട്. കേസില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും എന്നാണ് ലാഹോര്‍ പോലീസ് മേധാവി ഹൈദര്‍ അഷ്റഫ് പറയുന്നത്.
