പട്‌ന: രണ്ട് കുട്ടികളുടെ അമ്മയും ജേഷ്ടന്‍റെ വിധവയുമായ യുവതിയെ വിവാഹം കഴിക്കേണ്ടി വന്നതില്‍ മനം നൊന്ത് പതിനഞ്ചുകാരന്‍ ആത്മഹത്യ ചെയ്തു. ബിഹാറിലെ ഗയ ജില്ലയിലാണ് സംഭവം. രണ്ടു കുട്ടികളുടെ അമ്മ കൂടിയായ ഏട്ടത്തിയെക്കൊണ്ട് വിവാഹം കഴിപ്പിച്ചതില്‍ മനംനൊന്ത് പരെയലിലെ സര്‍ക്കാര്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മഹാദേവ് ദാസാണ് ആത്മഹത്യ ചെയ്തത്.
മൂത്ത സഹോദരനായ സന്തോഷ് ദാസിന്റെ ഭാര്യ റൂബി ദേവിയെയാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെക്കൊണ്ട് വിനോബ നഗര്‍ ഗ്രാമത്തില്‍ വെച്ച് വിവാഹം നടത്തിയത്. ദാസിനേക്കാള്‍ പത്തുവയസ് മുതിര്‍ന്ന സ്ത്രീയാണ് റൂബി ദേവി. വിവാഹച്ചടങ്ങുകള്‍ക്ക് ശേഷം വീട്ടിലെത്തി ആദ്യ രാത്രിയിലാണ് തൂങ്ങിമരിച്ച നിലയില്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്.
ഈ കല്യാണത്തിന് നിര്‍ബന്ധിച്ചത് റൂബി ദേവിയുടെ മാതാപിതാക്കളായിരുന്നുവെന്ന് ദാസിന്റെ പിതാവ് ചന്ദ്രേശ്വര്‍ ആരോപിച്ചു. മൂത്ത സഹോദരനായ സന്തോഷ് ദാസ് 2013 ലാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്.
അദേഹം ജോലി ചെയ്തിരുന്ന സ്ഥാപനം ഇതിനു നഷ്ടപരിഹാരമായി എണ്‍പതിനായിരം രൂപ പിതാവിന്റെ അക്കൗണ്ടില്‍ ഇട്ടു നല്‍കുകയും ചെയ്തു. ഈ തുക നല്‍കണമെന്ന് ആവശ്യപ്പെട്ട് റൂബിയും, മാതാപിതാക്കളും ബഹളം വെച്ചതോടെ 27000 രൂപ ഇതിനോടകം റൂബിയുടെ അക്കൗണ്ടില്‍ ഇട്ടുനല്‍കിയെങ്കിലും ബാക്കി തുക ഉടന്‍ തന്നെ നിക്ഷേപിക്കുമെന്ന് ഉറപ്പും നല്‍കിയിരുന്നു. പണം നിക്ഷേപിച്ചില്ലെങ്കില്‍ റൂബിയെക്കൊണ്ട് മഹാദേവിനെ വിവാഹം കഴിപ്പിക്കണമെന്ന് ഇവരുടെ നിര്‍ബന്ധം കൊണ്ടാണ് വിവാഹം നടത്തിയതെന്ന് പിതാവ് പറയുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
