ലാഹോര്‍: മകളുമായുള്ള ബന്ധത്തിന്റെ പേരില്‍ ഒമ്പതാം ക്ലാസുകാരന്റെ ജനനേന്ദ്രിയം മുറിച്ചെടുത്തു. കണ്ണുകള്‍ കുത്തിത്തുളച്ചു. പാക് പഞ്ചാബ് പ്രവിശ്യയിലാണ് കൊടും ക്രൂരത നടന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരേ ഇന്നലെ ഇരയുടെ മാതാപിതാക്കള്‍ പ്രതിഷേധവുമായി ഇറങ്ങിയപ്പോഴാണു സംഭവം പുറത്തായത്.
മകളുമായുള്ള വഴിവിട്ട ബന്ധം ആരോപിച്ച് പെണ്‍കുട്ടിയുടെ പിതാവും സംഘവും ഫെബ്രുവരി യില്‍ മകനെ തട്ടിക്കൊണ്ടുപോയെന്നാണ് ഇരയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. സ്‌കൂളില്‍നിന്നാണു കുട്ടിയെ പിടിച്ചുകൊണ്ടുപോയതെന്ന് എഫ്‌ഐആറില്‍ പറയുന്നു. കുട്ടിയെ ആളൊഴിഞ്ഞ ഇടത്ത് എത്തിച്ച് ജനനേന്ദ്രിയം അറുത്ത് ശേഷം ഇരു കണ്ണുകളും കുത്തിത്തുളച്ചുവെന്നാണ് പരാതി.
റോഡില്‍ ചോരയൊലിച്ച് കിടന്ന പതിനഞ്ച് വയസുകാരനെ വഴിയാത്രക്കാരാണു ആശുപത്രിയിലെത്തിച്ചത്. ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്കായെങ്കിലും കാഴ്ച നഷ്ടമായി. പ്രതികളെ സംരക്ഷിക്കുന്നത് ഭരണകക്ഷിയായ പാകിസ്താന്‍ മുസ്ലിം ലീഗിന്റെ എംഎല്‍എ ആണെന്ന് ആക്രമണത്തിനിരയായ ബാലന്റെ പിതാവ് ആരോപിച്ചു. കേസില്‍ അഞ്ചു പ്രതികളെയും അറസ്റ്റ് ചെയ്തതായി ലാഹോര്‍ പോലീസ് അറിയിച്ചു.
