ഏറ്റവും കടുത്ത കുറ്റവാളിയോട് പോലും ശാരീരിക ആക്രമണത്തിന്റെ നേരിയ ഒരു മുറ പോലും പ്രയോഗിക്കരുതെന്നാണ് നിയമം. പക്ഷേ ഇന്ത്യയില്‍ പൊലീസിന് ഇതൊന്നും ബാധകമല്ലെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. മനുഷ്യാവകാശങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് ലഭിക്കുന്ന പരാതികളില്‍ 30 ശതമാനവും പോലീസിനെതിരെയാണ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലാണ് ഈ വിവരങ്ങള്‍. 2013 - 2014 വര്‍ഷത്തില്‍ രാജ്യത്ത് 140 പേര്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചു. 2014-15ല്‍ മരിച്ചവരുടെ എണ്ണം 130 ആണ്. 2015-2016 കാലത്ത് 153 പേരാണ് കസ്റ്റിയില്‍
മരിച്ചത്. ഈ വര്‍ഷം ഒക്ടോബര്‍ 31 വരെ 88 പേര്‍ മരിച്ചു.

പൊതുവെ മെച്ചപ്പെട്ട പോലീസ് സംവിധാനമുളള കേരളത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 16 പേര്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചിട്ടുണ്ട്. കസ്റ്റഡി മര്‍ദനത്തിലും വര്‍ധനയുണ്ട്. രാജ്യത്ത് മനുഷ്യാവകാശ ലംഘനങ്ങള്‍ ഗണ്യമായി കൂടുകയാണ്. 2013 - 14 വര്‍ഷത്തില്‍ രാജ്യത്താകെ 32953 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2014 - 2015 കാലത്ത് 34,924 കേസുകളാണ് മനുഷ്യാവകാശ ലംഘനത്തിനെടുത്തത്. കഴിഞ്ഞ വര്‍ഷം മാത്രം 35506 കേസുകളായി.