ന്യൂഡൽഹി: ഒരു വർഷത്തിനിടെ 16 സ്ത്രീകളെ പോലീസുകാര്‍ ലൈംഗികവും ശാരീരികവുമായി പീഡിപ്പിച്ചെന്ന റിപ്പോർട്ടിൽ ഛത്തിസ്​ഗഢ് സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷ​ന്‍ നോട്ടീസ് അയച്ചു. സ്​ത്രീകൾക്കു നേരെയുള്ള പൊലീസ്​ അതിക്രമങ്ങളുടെ പരോക്ഷ ഉത്തരവാദിത്വം സംസ്ഥാന സർക്കാറിനാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ കമ്മീഷൻ നോട്ടീസ്​ അയച്ചത്.

ലൈംഗിക അതിക്രമത്തിന് ഇരകളായ 20 സ്ത്രീകളുടെ മൊഴിയെടുക്കുമെന്നും ഒരു മാസത്തിനുള്ളില്‍ ബാക്കിയുള്ളവരുടെ മൊഴി കൂടി മജിസ്​ട്രേറ്റിന്​ മുമ്പാകെയോ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളോ രേഖപ്പെടുത്തണമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ബീജാപ്പൂര്‍ ജില്ലയിലെ അഞ്ച് ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്കാണ് പോലീസ് ഉദ്യോഗസ്ഥരില്‍നിന്ന് അതിക്രമം നേരിടേണ്ടിവന്നത്. നാല്‍പതിലധികം സ്ത്രീകള്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന്​ ദ ഇന്ത്യൻ എക്​സ്​പ്രസ്​ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ 14 വയസ്സുള്ള പെണ്‍കുട്ടിയടക്കം രണ്ടുപേര്‍ കൂട്ടബലാത്സംഗത്തിനും ഇരയായി. മാവോവാദികളുടെ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളിലും ഗ്രോത ഗ്രാമങ്ങളിലുമാണ്​ പൊലീസ് അതിക്രമങ്ങൾ കൂടുതലായി നടന്നത്​.

അതിക്രമത്തിന് ഇരകളായവര്‍ക്ക് 37 ലക്ഷം രൂപയുടെ ഇടക്കാല സാമ്പത്തിക സഹായം നല്‍കാന്‍ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പൊലീസുകാരാൽ ബലാത്സംഗം ചെയ്യപ്പെട്ട എട്ടു പേര്‍ക്ക് മൂന്നു ലക്ഷം വീതവും ലൈംഗികാതിക്രമത്തിന് ഇരയായ ആറു പേര്‍ക്ക് രണ്ടു ലക്ഷം വീതവും ശാരീരികമായി അക്രമിക്കപ്പെട്ട രണ്ടുപേർക്ക്​ അമ്പതിനായിരം രൂപവീതവും നല്‍കാനാണ് നിര്‍ദ്ദേശം.