പശ്ചിമബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ  വ്യാപക അക്രമം അക്രമങ്ങളിൽ പതിനേഴ് പേര്‍ മരിച്ചു

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ വ്യാപക അക്രമങ്ങളിൽ പതിനേഴ് പേര്‍ മരിച്ചു. സിപിഎം പ്രവർത്തകനെയും ഭാര്യയേയും അക്രമികൾ ചുട്ടു കൊന്നു. സംഘര്‍ഷങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനസര്‍ക്കാരിനോട് വിശദീകരണം തേടി. 

പോളിങ്ങ് ബൂത്തുകള്‍ പിടിച്ചെടുത്തും വോട്ടര്‍മാരെ മര്‍ദിച്ചും വ്യാപക അക്രമമാണ് പശ്ചിമബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ തൃണമൂല്‍ പ്രവര്‍ത്തകര്‍ അഴിച്ച് വിട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊലപാതകത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്നാണ് സിപിഎം ആരോപണം. പലയിടത്തും ബൂത്തുകൾ പിടിച്ചെടുക്കാൻ തൃണമൂൽ ശ്രമം നടന്നു. പൊലീസിന് നേരെയും ബോബേറുണ്ടായി. ആളുകളെ പിരിച്ച് വിടാന്‍ പൊലീസ് ആകാശത്തേക്ക് നിറയൊഴിച്ചു.

നോർത്ത് 24 പർഗാന ജില്ലയില്‍ സിപിഎം പ്രവർത്തകനായ ദേബു ദാസ്, ഉഷ ദാസ് എന്നിവരെയാണ് വീട്ടിനുള്ളിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തിയത്. സൗത്ത് 24 പ‍ർഗാനയിൽ രണ്ട് തൃണമൂൽ പ്രവർത്തകര്‍ വെടിയേറ്റ് മരിച്ചു. ഭാംഗറിൽ മാധ്യമസ്ഥാപനങ്ങളുടെ വാഹനം കത്തിച്ചു. രണ്ട് ബൂത്തുകൾ പിടിച്ചെടുത്ത തൃണമൂൽ പ്രവർത്തകർ ബാലറ്റ് പേപ്പറുകള്‍ കത്തിച്ചു. മുസാഫര്‍ബാദ് പോളിംഗ് ബൂത്തിലെ ബാലറ്റുകൾ തൃണമൂൽ പ്രവർത്തകർ കുളത്തിലെറിഞ്ഞു. ഉലുബേരിയയിൽ പോലീസിനു നേരെ ഒരു സംഘം ബോംബെറിഞ്ഞു. 

തൃൺമൂൽ കോൺഗ്രസ് നേതാവും മന്ത്രിയുമായ രവീന്ദ്രനാഥ ഘോഷ് ഒരു ബിജെപി പ്രവർത്തകനെ മർദ്ദിച്ചതും സംഘർഷത്തിനിടയാക്കി. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതി സമീപിക്കുമെന്ന് വ്യക്തമാക്കിയ ബിജെപി സംസ്ഥാനത്ത് രാഷ്ട്രപതിഭരണം എന്നാവശ്യ ശക്തമാക്കി. ബംഗാളില്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യതെന്ന് സിപിഎം ആരോപിച്ചു. അതേസമയം, ബംഗ്ലാദേശിൽ നിന്ന് ഗുണ്ടകളെ ഇറക്കി സിപിഎമ്മും ബിജെപിയും അക്രമം നടത്തുകയാണെന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു