ദില്ലി ഇനിയും പഠിച്ചില്ല, 17,000 മരങ്ങൾ മുറിക്കുന്നു

ദില്ലി: കൊടുംചൂടും അന്തരീക്ഷ മലിനീകരണവും കൊണ്ട് പൊറുതി മുട്ടുന്ന ദില്ലിയിൽ, സർക്കാർ ഉദ്യോഗസ്ഥർക്ക് പാര്‍പ്പിടം പണിയാൻ 17,000 മരങ്ങൾ മുറിക്കുന്നു. പ്രതിഷേധം വ്യാപകമായതോടെ, പരസ്പരം പഴിചാരി കൈ കഴുകുകയാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ. മരം മുറിക്കെതിരായ പൊതു താല്‍പര്യ ഹര്‍ജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

 20-30 വര്‍ഷം പഴക്കമുള്ള മരത്തിന് പകരം തൈ പകരംവയ്ക്കാനാവില്ല. ആദ്യം ദില്ലിക്ക് ആവശ്യമായ മരങ്ങൾ നടട്ടെയെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. സരോജിനി നഗർ, നൗരോജി നഗർ, നേതാജി നഗർ, ശ്രീനിവാസ്പുരി, കസ്തൂർബ നഗർ, മൊഹമ്മദ്പൂർ, ത്യാഗ്രാജ് നഗർ എന്നിങ്ങനെ തെക്കൽ ദില്ലിയിലെ ഏഴ് കോളനി പ്രദേശങ്ങൾ നവീകരിക്കാൻ 17,000 മരങ്ങൾ മുറിച്ച് നീക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. 

പദ്ധതിക്ക് കേന്ദ്രം വനം വകുപ്പും സംസ്ഥാന സർക്കാരും അനുമതി നൽകി. ലഫ്റ്റനന്റ് ഗവർണറും അനുമതി നൽകിയതോടെ മരങ്ങൾ മുറിച്ചുതുടങ്ങി. ഓരോ മരത്തിനും പകരം പത്ത് പുതിയ തൈകൾ വച്ച് പിടിപ്പിക്കുമെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം. പദ്ധതി തടയണമെന്നാവശ്യപ്പെട്ട് ദില്ലി സ്വദേശി ഡോക്ടര്‍ കൗശലാണ് ഹൈക്കോടതിയെ സമീപിച്ചത്

വ്യാപക മരം മുറിക്കെതിരെ പ്രതിഷേധം കനക്കുന്പോള്‍ പരസ്പരം പഴി ചാരി തലയൂരാനാണ് ബിജെപിയുടെയും ആം ആദ്മി പാര്‍ട്ടിയുെടയും ശ്രമം. പാര്‍പ്പിട നിര്‍മാണത്തിന് അനുമതി നല്‍കിയയത് ദില്ലി സര്‍ക്കാരാണെന്നാണ് കേന്ദ്രം വനം മന്ത്രി ഹര്‍ഷ വര്‍ധനന്‍റെ വാദം. കേന്ദ്ര സര്ക്കാരിനും ലഫ്റ്റനന്‍റെ ഗവര്‍ണര്‍ക്കുമാണ് ഉത്തരവാദിത്തമെന്ന് എ.എ.പി തിരിച്ചടിക്കുന്നു.