ചണ്ഡീഗഢ്: ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട വിവാദ ആള്‍ദൈവം ഗുര്‍മീത് സിങ്ങിന്റ ആശ്രമത്തില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത 18 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. ദേരാ സച്ചാ സൗദയിലെ സിര്‍സയിലെ ആശ്രമത്തില്‍ താമസിപ്പിച്ചിരുന്ന പെണ്‍കുട്ടികളെയാണ് പുറത്തെത്തിച്ചത്. ഇവരിപ്പോള്‍ ശിശു സംരക്ഷണ വകുപ്പിന്റെ സരംക്ഷണയിലാണ്.
ആശ്രമവാസികളായ 650 പേരെ പുറത്തെത്തിച്ചതായും 250 മുതല്‍ 300വരെ ആളുകള്‍ മാത്രമാണ് ആശ്രമത്തില്‍ ബാക്കിയുള്ളതെന്നും അധികൃതര്‍ അറിയിച്ചു. സിര്‍സയില്‍ സമാധാനപരമായ അന്തരീക്ഷമാണ് സിര്‍സയിലുള്ളതെന്നും ഇന്റര്‍നെറ്റ് സംവിധാനം പുന:സ്ഥാപിച്ചതായും പൊലീസ് അറിയിച്ചു. ജനങ്ങള്‍ ദൈനം ദിന ജീവിതത്തിലേക്ക് കടന്നിട്ടുണ്ടെന്നും മുന്‍കരുതലിന്റെ ഭാഗമായി സൈനിക സാന്നിധ്യം നിലനിര്‍ത്തുമെന്നും പൊലീസ് വ്യക്തമാക്കി.
വര്‍ഷങ്ങള്‍ക്കു മുമ്പ് ശിഷ്യകളായ രണ്ട് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് ഓരോ പീഡനത്തിനും പത്ത് വര്‍ഷം വീതം 20 വര്‍ഷത്തെ തടവ് ശിക്ഷയായിരുന്നു ഗുര്‍മീതിന് വിധിച്ചത്. പഞ്ച്കുല സി.ബി.ഐ പ്രത്യേക കോടതിയുടെതായിരുന്നു വിധി.
